പ്രജ്വല്‍ രേവണ്ണ ജയിലില്‍ തന്നെ; ജാമ്യം നിഷേധിച്ച് പ്രത്യേക കോടതി

കര്‍ണാടക ഹാസനിലെ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ലൈംഗിക പീഡന കേസില്‍ കോടതി ജാമ്യം നിഷേധിച്ചു. ബംഗളൂരുവിലെ പ്രത്യേക ജനപ്രതിനിധി കോടതിയാണ് പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളിയത്. മെയ് 31ന് ആയിരുന്നു പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായത്.

പ്രജ്വലിന്റെ ലൈംഗിക പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട പെന്‍ഡ്രൈവുകള്‍ കര്‍ണാടകയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ രാജ്യം വിടുകയായിരുന്നു. ജര്‍മനിയിലേക്ക് കടന്ന പ്രജ്വലിനായി ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിലായിരുന്നു അന്വേഷണ സംഘം. 34 ദിവസം ഒളിവില്‍ തുടര്‍ന്ന പ്രജ്വല്‍ തിരികെ ബംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.

അറസ്റ്റിന് പിന്നാലെ പ്രജ്വലിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരുന്നു. പ്രജ്വലിന്റെ കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതോടെ ഇയാളെ ജൂലൈ 8 വരെ റിമാന്റ് ചെയ്യുകയായിരുന്നു. അതേസമയം പ്രജ്വലിനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇതോടെ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള കേസുകളുടെ എണ്ണം നാലായി. ഇതിനിടയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹാസനില്‍ നിന്ന് മത്സരിച്ച പ്രജ്വല്‍ പരാജയപ്പെട്ടിരുന്നു.