'രാജ്യത്തിന് ആവശ്യം എൻ.ആർ.സിയല്ല'; തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റരാണ്  വേണ്ടതെന്ന്  പ്രകാശ് രാജ്

മൂവായിരം കോടി രൂപ വിലമതിക്കുന്ന പ്രതിമകളല്ല മറിച്ച് തൊഴിലില്ലാത്ത യുവതയുടേയും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്റരാണ് ഉണ്ടാക്കേണ്ടതെന്ന് നടന്‍ പ്രകാശ് രാജ്. ഹൈദരാബാദില്‍ സി.എ.എ., എന്‍.പി.ആര്‍., എന്‍.ആര്‍.സി. എന്നിവക്കെതിരായ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സമരങ്ങള്‍ അക്രമാസക്തമാകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അക്രമരഹിത പാതയില്‍ പ്രക്ഷോഭത്തെ നയിക്കാന്‍ സമരസംഘാടകര്‍ ശ്രദ്ധിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.

“”ഈ രാജ്യം എല്ലാവരുടേതുമാണ്. 3000 കോടി രൂപയുടെ പ്രതിമകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് തൊഴിലില്ലാത്ത യുവതയുടേയും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്റരായിരിക്കണം””- പ്രകാശ് രാജ്.

രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രമീമാംസ പഠിപ്പിച്ച് ഒരു ഡിഗ്രി എടുക്കാന്‍ സഹായിക്കണമെന്നും പ്രകാശ് രാജ് പരിഹസിച്ചു.

Read more

ഇപ്പോഴത്തെ എന്‍.ആര്‍.സി, പൗരത്വ നിയമമെല്ലാം തട്ടിപ്പാണ്. ആസാമില്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചു. കാര്‍ഗില്‍ യുദ്ധവീരന്റെ പേരും എന്‍.ആര്‍.സിയില്‍ നിന്ന് ഒഴിവാക്കി. കാരണം അയാളൊരു മുസ്ലിം ആയിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.