വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണം ആശങ്കാജനകം; സുരക്ഷ ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് പ്രണബ് മുഖര്‍ജി

വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണം ആശങ്കാജനകമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വോട്ടിംഗ് മെഷീനിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് മെഷീനില്‍ തിരിമറി നടക്കുക എന്നതിനര്‍ത്ഥം ജനവിധിയെ തന്നെ തിരുത്തുക എന്നതാണെന്ന് പ്രണബ് കുമാര്‍ മുഖര്‍ജിയുടേതായി പുറത്തു വന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കേണ്ടതിന്റെ ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിഷ്പിതമാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയാണ് നിഷ്പക്ഷമായ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ് വോട്ടിംഗ് മെഷീനുകളുടെ സംരക്ഷണം. അതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഒരുതരത്തിലുള്ള സംശയത്തിനും ഇട നല്‍കരുത്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും മുന്‍ രാഷ്ട്രപതി വ്യക്തമാക്കി.

Read more

അതേസമയം, ഇലക്ട്രോണിക് വോട്ടിംംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ടെണ്ണലിലെ ആശയക്കുഴപ്പം നീക്കാന്‍ ഉത്തരവിറക്കണം എന്നും ആവശ്യപ്പെട്ടു. ഇവിഎമ്മുകള്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കണ്ടെത്തുന്നത് ആശങ്കാജനകമാണ്. സ്ട്രോംഗ് റൂമിന്റെ സുരക്ഷയിലും ആശങ്കയുണ്ട്. വോട്ടിംഗ് മെഷീനുകള്‍ക്ക് മുമ്പേ വിവി പാറ്റ് എണ്ണണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.