സുപ്രീംകോടതിയുടെ വീഴ്ച ചൂണ്ടിക്കാണിച്ചതിന് മാപ്പു പറയാൻ ഒരുക്കമല്ലെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. രാജ്യതലസ്ഥാനം കത്തിയെരിഞ്ഞപ്പോൾ സുപ്രീംകോടതി കേവലം കാഴ്ചക്കാരായി നില്ക്കുകയായിരുന്നെന്നും പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയെയും വിമർശിച്ച ട്വീറ്റിന് തനിക്കെതിരെ തുടങ്ങിയ കോടതിയലക്ഷ്യ നടപടിക്ക് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കോടതിയുടെ ഗുരുതരമായ വീഴ്ച പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാണിച്ചത്.
തൻെറ അഭിപ്രായപ്രകടനം ഇന്ത്യൻ ഭരണഘടന അനുവദിച്ച അഭിപ്രായസ്വാതന്ത്ര്യത്തിൻെറ പരിധിയിൽ വരുന്നതാണെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. നിലവിലുള്ള സുപ്രീംകോടതി ജഡ്ജിമാർ അഭിപ്രായ സ്വാതന്ത്യത്തെ കുറിച്ച് ഈയിടെ നടത്തിയ പ്രസംഗങ്ങൾ ഇതിന് തെളിവായി പ്രശാന്ത് ഭൂഷൺ മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 15-ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഫെബ്രുവരി 24-ന് ജസ്റ്റിസ് ദീപക് ഗുപ്തയും നടത്തിയ പ്രസംഗങ്ങൾ തൻെറ വാദത്തിന് ഉപോൽബലകമായി ഭൂഷൺ നിരത്തി. വിമർശനങ്ങളെ ദേശദ്രോഹമാക്കുന്നതിനെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എതിർത്ത് പ്രസംഗിച്ച് ഒരാഴ്ച കഴിഞ്ഞ് ഡൽഹി കലാപത്തിലമർന്നപ്പോൾ പള്ളികൾ തകർക്കുകയും തീവെയ്ക്കുകയും ചെയ്തു.
സി.സി ടി.വികൾ പൊലീസ് ആസൂത്രിതമായി നശിപ്പിക്കുകയും കല്ലേറിൽ പങ്കാളികളാകുകയും ചെയ്തു. എന്നാൽ, സുപ്രീംകോടതി കേവലം കാഴ്ചക്കാരായി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ബി.ജെ.പി നേതാവിൻെറ മകൻെറ വിലപിടിപ്പുള്ള ഇരുചക്ര വാഹനത്തിൽ കയറിയിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് നടത്തിയ അഭിപ്രായ പ്രകടനമാണ് കോടതിയലക്ഷ്യത്തിന് കാരണമായത്.
ലോക്ഡൗൺ മൂലം കോടതികൾ നിയന്ത്രിച്ച് ദശലക്ഷക്കണക്കിന് ആളുകൾക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ ഹെൽമറ്റും മാസ്കുമില്ലാതെ ചീഫ് ജസ്റ്റിസ് മോട്ടോർസൈക്കിൾ ഓടിക്കുകയാണെന്നായിരുന്നു ട്വീറ്റ്.
ട്വീറ്റിലെ വസ്തുതവിരുദ്ധമായ ഭാഗത്തിന് ഭാഗികമായ ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് പ്രശാന്ത് ഭൂഷൺ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്.