ബിഹാര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബി.ജെ.പി നടത്തുന്ന വൃത്തികെട്ട കളികളാണ് റിയ ചക്രബര്‍ത്തിയ്ക്കെതിരെ നടക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ റിയ ചക്രബര്‍ത്തിയുടെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുശാന്ത് സിംഗ് രാജ്പുത്തിന്റെ നീതിക്ക് വേണ്ടി ബി.ജെ.പി നടത്തുന്നത് പൊള്ളയായ കാമ്പയിന്‍ മാത്രമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
“ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അവസരം മുതലാക്കാമെന്ന ലക്ഷ്യത്തോടെ ബി.ജെ.പി അവരുടെ കഴുകൻ മാധ്യമങ്ങളെ ഉപയോഗിച്ച് റിയ ചക്രബര്‍ത്തിയെ അധിക്ഷേപിക്കുകയാണ്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ നീതിക്ക് വേണ്ടി ബി.ജെ.പി നടത്തുന്നത് പൊള്ളയായ കാമ്പയിന്‍ മാത്രമാണ്. ആദ്യം റിയ ചക്രബര്‍ത്തിക്ക് മേല്‍ കൊലപാതക കുറ്റം ചുമത്തിയായിരുന്നു കാമ്പയിനെന്നും ഇപ്പോഴത് സുശാന്തിന് കഞ്ചാവ് നല്‍കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതില്‍ എത്തിയിരിക്കുകയാണ്. വെറുപ്പുളവാക്കുന്ന കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്”- പ്രശാന്ത് ഭൂഷൺ
അതേസമയം, നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്ത നടി റിയചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. റിയയെ പതിനാല് ദിവസത്തെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവിട്ടിരുന്നു.