മെഡിക്കല്‍ കോഴ: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ പ്രശാന്ത് ഭൂഷണ്‍

മെഡിക്കല്‍ കോഴ വിവാദത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു എതിരെ പ്രശാന്ത് ഭൂഷണ്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ പരാതി നല്‍കി. പ്രശാന്ത് ഭൂഷണ്‍ ഇതു സംബന്ധിച്ച പരാതി സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ്, ജസ്റ്റിസ് എ.കെ സിക്രി എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നടത്തുന്ന മോശപ്പെട്ട ഭരണത്തിനു എതിരെ കോടതി അന്വേഷണം നടത്തണം. ഈ വിഷയം അന്വേഷിക്കുന്ന സംഘത്തില്‍ മൂന്നോ അഞ്ചോ ജഡ്ജിമാരും വേണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

സംശയത്തിന്റെ പുകമറയില്‍ നില്‍ക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കോഴക്കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറണം. സ്വയം വാദം കേള്‍ക്കാന്‍ ഈ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു അവകാശമില്ല. മാത്രമല്ല മറ്റൊരു ബെഞ്ചിന് കേസ് കൈമാറാനും ഭരണപരമായി ദീപക് മിശ്രയ്ക്ക് അധികാരമില്ല. നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒന്നും വന്നിട്ടില്ലെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അദ്ദേഹം വിട്ടു നില്‍ക്കണമെന്നും പരാതിയില്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.