'കമ്മ്യൂണിസ്റ്റുകാരെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ല'; തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാൻ ക്ഷണിച്ച പ്രശാന്ത് കിഷോറിന്റെ സംഘടനയോട് സി.പി.എം നേതാക്കള്‍ 

ബംഗാളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനായി സിപിഎമ്മിലെ മികച്ച  നേതാക്കളെ തേടി പ്രശാന്ത് കിഷോറിന്റെ സംഘടന. ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ ഐ-പാക് എന്ന സംഘടനയാണ് തൃണമൂലില്‍ ചേരാനായി സിപിഎം നേതാക്കളെ സമീപിച്ചത്.  കഴിഞ്ഞ ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സിപിഎം നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെയാണ് പ്രശാന്ത് കിഷോറിന്റെ സംഘടന സമീപിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ മികച്ച ഭാവിയാണ് സംഘടന വാഗ്ദാനം ചെയ്‌തെന്ന് അഞ്ച് സിപിഎം നേതാക്കള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. എന്നാല്‍, അഞ്ചു പേരും ഐ-പാകിൻറെ ഈ വാഗ്ദാനം നിരസിച്ചു.

ബിഹാര്‍, ഉത്തര്‍ പ്രദേശ്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് തങ്ങളെ സമീപിച്ചതെന്ന് ഇടതുനേതാക്കള്‍ പറഞ്ഞു. ഐ-പാക്  നടത്തിയ സര്‍വെയില്‍ മികച്ച പ്രതിച്ഛായയും സത്യസന്ധരുമായ ഇടതുനേതാക്കള്‍ എന്ന് മനസ്സിലാക്കിയതോടെയാണ് തങ്ങളെ സമീപിച്ചതെന്ന് അവർ പറഞ്ഞതായും സിപിഎം നേതാക്കള്‍ വ്യക്തമാക്കി.

“ഇക്കഴിഞ്ഞ നാലിന് ഐ-പാക്കില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വിളിച്ചു. കൊല്‍ക്കത്തയിലെ എന്റള്ളി മണ്ഡലത്തില്‍ ഞാന്‍ എംഎല്‍എയായിരുന്നപ്പോള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്നും എന്നോട് അവര്‍ക്ക് സംസാരിച്ചാല്‍ കൊള്ളാമെന്നും പറഞ്ഞു, താത്പര്യമില്ല എന്നു വ്യക്തമാക്കി ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു” എന്ന് മുന്‍ ഐ. ടി മന്ത്രിയും ജാദവപൂര്‍ സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറുമായ ദേബേഷ് ദാസ് വ്യക്തമാക്കി.

തങ്ങള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ഫണ്ട് വാഗ്ദാനം ചെയ്തുവെന്നും സിപിഎമ്മിന്റെ മുന്‍ എംഎല്‍എമാരായ ലക്ഷ്മി കാന്ത റോയിയും മമത റോയിയും വെളിപ്പെടുത്തി.

“ഓഗസ്റ്റ് ഒമ്പതിന് ഒരാള്‍ എന്റെ വീട്ടിലെത്തി. എന്റെ വീടും പരിസരവുമൊക്കെ നോക്കിക്കണ്ട ശേഷം അയാള്‍ ചോദിച്ചത് ഞാനെങ്ങനെയാണ് ഇത്ര ചെറിയ വീട്ടില്‍ താമസിക്കുന്നതെന്നും എന്തുകൊണ്ട് ഒരു കാര്‍ വാങ്ങുന്നില്ല എന്നുമാണ്. ഞാന്‍ തൃണമൂലില്‍ ചേരുകയാണെങ്കില്‍ മത്സരിക്കാനുള്ള ഫണ്ട് ഉള്‍പ്പെടെ ആവശ്യപ്പെടുന്നതെന്തും തരാന്‍ ഒരുക്കമാണെന്നും അയാള്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഞാന്‍ ഇറങ്ങിപ്പോകാന്‍ ഞാന്‍ ആവശ്യപ്പെടുകയായിരുന്നു”, മമത റോയി പറഞ്ഞു.

സമാനമായ കാര്യമാണ് ലക്ഷ്മി കാന്ത റോയിയും പങ്കുവച്ചത്. “കമ്മ്യൂണിസ്റ്റുകള്‍ അവരുടെ ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കാറില്ലെന്നും ഞാന്‍ എന്റെ നിലവിലുള്ള ജീവിതത്തില്‍ സന്തോഷവാനാണെന്നും എന്നെ തൃണമൂലിലേക്ക് ക്ഷണിക്കാന്‍ വന്നയാളോട് വ്യക്തമാക്കി”യെന്ന് റോയി പറയുന്നു. ദക്ഷിണ ദിനാജ്പൂരിലെ ഹരിരാംപൂര്‍ മണ്ഡലത്തിലെ എംഎല്‍എയായ റഫീകുള്‍ ഇസ്ലാം പറഞ്ഞത് ഇങ്ങനെ: “കൊല്‍ക്കത്തയില്‍ പ്രശാന്ത് കിഷോറിന്റെ ഓഫീസ് സന്ദര്‍ശിക്കാന്‍ എന്നോടു പറഞ്ഞു. എനിക്ക് 67 വയസായി. ഈ പ്രായത്തിലുള്ള ഒരാള്‍ തന്റെ ആശയങ്ങളെ ഉപക്ഷേിക്കാറില്ല എന്നു ഞാന്‍ മറുപടി നല്‍കി”.

ബംഗാളിലെ പ്രധാന രണ്ടു ശക്തികള്‍ തൃണമൂലും ബിജെപിയുമാണെന്നും ഇടത് നേതാക്കളോട് പറഞ്ഞത് തൃണമൂലില്‍ ചേരുകയാണെങ്കില്‍ അവര്‍ക്ക് ജനങ്ങളെ സേവിക്കാന്‍ മെച്ചപ്പെട്ട അവസരം ലഭിക്കുമെന്നുമായിരുന്നു ഐ-പാക് പ്രതിനിധിയുടെ  വിശദീകരണം.

“ബംഗാളിലെ പ്രധാന രണ്ടു ശക്തികള്‍ തൃണമൂലും ബിജെപിയുമാണ് എന്നത് വ്യക്തമാണ്. അതുകൊണ്ടു തന്നെ ഈ രണ്ട് ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തിന് കാര്യമായ റോളില്ല. ഞങ്ങള്‍ തിരഞ്ഞെടുത്ത ചില ഇടതുനേതാക്കളോട് പറഞ്ഞത് തൃണമൂലില്‍ ചേരുകയാണെങ്കില്‍ അവര്‍ക്ക് ജനങ്ങളെ സേവിക്കാന്‍ മെച്ചപ്പെട്ട അവസരം ലഭിക്കും എന്നതാണ്. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവരാണ്” – ഐ-പാക് പ്രതിനിധി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ പ്രശാന്ത് കിഷോര്‍ തന്നോട് നേരിട്ട് കൂടിക്കാഴ്ചയ്ക്ക് നിര്‍ബന്ധിച്ചെന്നും ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ അടുത്ത സര്‍ക്കാരില്‍ മന്ത്രിപദവി വാഗ്ദാനം ചെയ്‌തെന്നുമുള്ള ഫോര്‍വേഡ് ബ്ലോക്ക് നേതാവും സിറ്റിംഗ് എംഎല്‍എയുമായ അലി ഇമ്രാന്‍ റാംസിന്റെ അവകാശവാദം ഐ-പാക് പ്രതിനിധി തള്ളിക്കളഞ്ഞു. താനും ഭാര്യയുമായി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് കിഷോര്‍ തന്നെ കണ്ടത് എന്നായിരുന്നു രണ്ടാംവട്ടം എംഎല്‍എയായ റാംസിന്റെ വാദം.

ഹോട്ടലിലെ സെക്യൂരിറ്റി ക്യാമറ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും താനും ഭാര്യയും പ്രശാന്ത് കിഷോറും കൂടി ചായ കുടിക്കുന്നത് കാണാമെന്നും റാംസ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. എന്നാല്‍ ഐ-പാക് പ്രതിനിധി ഇത് നിഷേധിച്ചു. “അത് വലിയ നുണയാണ്. റാംസ് ഞങ്ങളുടെ പ്രതിനിധികളോട് തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നത് തന്റെ ഭാര്യ പ്രശാന്ത് കിഷോറിന്റെ വലിയ ഫാനാണെന്നും അവര്‍ക്ക് അദ്ദേഹത്തെ കാണാന്‍ ആഗ്രഹമുണ്ട് എന്നുമാണ്. ബംഗാളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ കിഷോര്‍ താമസിക്കുന്നത് ആ ഹോട്ടലിലാണ്. അദ്ദേഹം ഈ വിധത്തില്‍ എംഎല്‍എമാരെ കാണാറില്ല. റാംസ് തന്റെ ഭാര്യയുമായി വന്നതുകൊണ്ട് കിഷോര്‍ മര്യാദയുടെ പേരില്‍ കണ്ടു എന്നേയുള്ളൂ”.

“കിഷോറിനെ കണ്ടപ്പോള്‍ റാംസും ഭാര്യയും അദ്ദേഹത്തിന്റെ ഉപദേശം തേടി. തനിക്ക് ഫോര്‍വേഡ് ബ്ലോക്കില്‍ വലിയ ഭാവിയില്ലെന്നും റാംസ് കിഷോറിനോട് പറഞ്ഞിരുന്നു”- ഐ-പാക് പ്രതിനിധി വ്യക്തമാക്കി. റാംസും ഭാര്യയും ഡിന്നര്‍ കഴിക്കാനാണ് അവിടെ എത്തിയതെന്നതും തെറ്റാണെന്ന് ഐ-പാക് പറയുന്നു. “ഡിന്നറിന് കിഷോര്‍ ക്ഷണിച്ചെങ്കിലും തങ്ങള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തു വരികയാണെന്നും ഭക്ഷണം അവിടെ നിന്ന് കഴിച്ചെന്നുമാണ് പറഞ്ഞത്. തുടര്‍ന്ന് കിഷോര്‍ ചായ കുടിക്കാന്‍ അവരെ ക്ഷണിക്കുകയായിരുന്നു. ഇതിന്റെ ബില്ല് നല്‍കിയതും കിഷോറാണ്. ഞങ്ങളുടെ കൈയില്‍ അതിന്റെ രേഖകളുണ്ട്”- ഐ-പാക് പ്രതിനിധി പറഞ്ഞു.

ഡിന്നര്‍ കഴിക്കാനാണ് ഹോട്ടലില്‍ പോയതെന്ന ഫോര്‍വേഡ് ബ്ലോക്ക് എംഎല്‍എയുടെ വാദം ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ ചോദ്യം ചെയ്തപ്പോള്‍ റാംസ് മൗനം പാലിച്ചെന്നും എന്നാല്‍ താന്‍ നിര്‍ബന്ധിച്ചിട്ടാണ് കിഷോര്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതെന്ന വാദം ശരിയല്ലെന്ന് റാംസ് വ്യക്തമാക്കി. കിഷോര്‍ ആരാണെന്നു പോലും തന്റെ ഭാര്യക്ക് അറിയില്ല എന്നും റാംസ് പറയുന്നു.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഇടതു നേതാക്കളെ ക്ഷണിച്ചെന്ന വാര്‍ത്ത പാര്‍ട്ടി നേതാവും പഞ്ചായത്ത് മന്ത്രിയുമായ സുബ്രത മുഖര്‍ജി തള്ളിക്കളഞ്ഞു. “തിരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം അവരുടെ തലയ്ക്ക് അത്ര വെളിവില്ല”, മുഖര്‍ജി പറഞ്ഞു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളിലെ 42 സീറ്റുകളില്‍ 18 എണ്ണത്തിലും വിജയിച്ചതോടെയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രശാന്ത് കിഷോറിനെ സമീപിച്ചത്. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാനും തുടര്‍ന്ന് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാന്‍ പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരുന്നു.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു