കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ അമരീന്ദര്‍ സിംഗിന്റെ ഉപദേഷ്ട സ്ഥാനത്ത് നിന്നും പിന്മാറി പ്രശാന്ത് കിഷോര്‍

കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു. പൊതുജീവിതത്തില്‍ താത്കാലികമായൊരു ഇടവേള അനിവാര്യമാണെന്നാണ് മുഖ്യമന്ത്രിക്കയച്ച രാജിക്കത്തില്‍ അദ്ദേഹം സൂചിപ്പിച്ചത്. ഭാവി പരിപാടികള്‍ എന്താണെന്ന് ഇനിയും തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും, നവ്‌ജോത് സിംഗ് സിദ്ദുവും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കാണ് പ്രശാന്ത് കിഷോര്‍ വഹിച്ചത്.

ആറ് മാസം മുമ്പാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ട്വീറ്റിലൂടെ പ്രശാന്ത് കിഷോറിനെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചതായി അറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവില്ലെന്നാണ് വിശദീകരണം. സിദ്ദുവുമായുള്ള അടുപ്പമാണ് ഇപ്പോഴത്തെ മാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി പ്രശാന്ത് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നു എന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് പ്രശാന്ത് കിഷോറിന്റെ പുതിയ നീക്കം.

Read more

പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയുടെ പുറത്തു നിന്നുള്ള ഉപദേശങ്ങള്‍ക്ക് പുറമേ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കത്തെ സംബന്ധിച്ച് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ഗാന്ധി സംസാരിച്ചിരുന്നു. എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത്പവാറും പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, ശരത് പവാര്‍ എന്നിവരെ സന്ദര്‍ഷിച്ചതിന് പിന്നില്‍ പ്രശാന്ത് കിഷോറിന്റെ ബുദ്ധിയാണെന്നും സംസാരമുണ്ട്. എന്നാല്‍ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രശാന്ത് കിഷോറില്‍ നിന്നോ, അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്നോ യാതൊരുവിധ സ്ഥിരീകരണവും ലഭിച്ചിട്ടില്ല. നേരത്തെ ബംഗാള്‍ തിരഞ്ഞെടുപ്പോടെ നയതന്ത്രജ്ഞന്‍ എന്ന നിലയിലുള്ള തന്റെ ജോലി അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.