തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ല. പാര്‍ട്ടിയില്‍ ചേരണമെന്ന് ആവശ്യം അദ്ദേഹം നിരസിച്ചതായി കോണ്‍ഗ്രസ് വക്താവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രണ്‍ദീപ് സിങ് സുര്‍ജെവാല അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച കര്‍മ്മ പദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കോണ്‍ഗ്രസ് പ്രസിഡന്റ് എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് 2024 രൂപവത്കരിക്കുകയും നിര്‍ണായകചുമതലകളുള്ള ഈ സമിതിയുടെ ഭാഗമാകാനും പാര്‍ട്ടിയില്‍ ചേരാനും അദ്ദേഹത്തെ ക്ഷണിച്ചുവെന്നും പക്ഷേ പ്രശാന്ത് കിഷോര്‍ അത് നിരസിക്കുകയായിരുന്നുവെന്നുമാണ് രണ്‍ദീപ് സിങ് സുര്‍ജെവാല ട്വീറ്റ് ചെയ്തത്. പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് സുര്‍ജെവാല നന്ദിയറിയിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് നിരവധി പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രശാന്ത്് കിഷോര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിര്‍ണായക യോഗത്തില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷയായ സോണിയ ഗാന്ധിക്ക് വിട്ടിരുന്നു. ഇതിനിടെയാണ് പാര്‍ട്ടിയില്‍ ചേരുന്നില്ലെന്ന് അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചത്. കോണ്‍ഗ്രസിന്റെ ഉപാധികള്‍ അംഗീകരിക്കാനാകില്ലെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
സോണിയഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിയങ്ക ഗാന്ധിയും അംബികാ സോണിയും പ്രശാന്ത് കിഷോറിന്റെ വരവിനെ അനുകൂലിച്ചു. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ ദിഗ്‌വിജയ് സിങ്, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍െജവാല, ജയറാം രമേശ് എന്നിവര്‍ എതിര്‍പ്പ്പ്രകടിപ്പിച്ചു. എ.കെ.ആന്റണി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പ്രശാന്ത് വരുന്നതിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിശദീകരിച്ചു. അദ്ദേഹത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നത് ഗുണം ചെയ്യില്ലെന്നും യോഗത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ നിലപാടാണ് പ്രശാന്ത് കിഷോറിന്റെ പിന്‍മാറ്റത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.