തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി അന്തിമ തീരുമാനം എടുക്കും. 2024 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ പങ്ക് സംബന്ധിച്ചും വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാകും. പ്രശാന്ത് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരാഴ്ചയ്ക്കകം തീരുമാനം സോണിയ ഗാന്ധിയെ അറിയിക്കാന്‍ പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രിയങ്ക ഗാന്ധിയുമായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും സോണിയ ഗാന്ധി പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് പ്രശാന്ത് കിഷേറിന്റെ കൃത്യമായ പങ്കിനെ കുറിച്ചും പാര്‍ട്ടിയില്‍ ചേരുമോ അല്ലെങ്കില്‍ പിന്തുണയ്ക്കുമോ എന്നതിനെ കുറിച്ചും അന്തിമ തീരുമാനം സോണിയ എടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
2024ലെ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രം. യോഗങ്ങള്‍ വരും ദിവസങ്ങളിലും തുടരും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ദിഗ്വിജയ് സിങ്, കമല്‍നാഥ്, ജയറാം രമേശ് തുടങ്ങിയവപരു പങ്കെടുത്തിരുന്നു.
ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഈ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി.
പദ്ധതി ശിപാര്‍ശകളില്‍ ബൂത്ത് തലത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ആശയവിനിമയ ടീമുകള്‍, ഓരോ നിയോജക മണ്ഡലത്തിലെയും പാര്‍ട്ടിയുടെ ശക്തിയും ബലഹീനതയും, സാധ്യമായ സ്ഥാനാര്‍ത്ഥികള്‍, പ്രശ്‌നങ്ങള്‍ എന്നിവയും ഇതിന് പുറമേ ജനങ്ങളുടെ ദൈനംദിന ജിവിതത്തെ ബാധിക്കുന്ന വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രശാന്ത് വ്യക്തമാക്കുന്നുണ്ട്.
അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട് പരാജയം കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി പുതിയ വഴികള്‍ തേടുന്നത്. കഴിഞ്ഞ മാസം തന്നെ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അടുത്ത മാസം ചിന്തന്‍ ശിബിരം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.