ന്യൂനപക്ഷങ്ങള്‍ക്കു നേരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമവും വിരട്ടലും അങ്ങേയറ്റം തീവ്രമായിരിക്കുകയാണ്. ആരോപണങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു.
ഒരു നടപടിക്രമവും ഇക്കാര്യത്തില്‍ പാലിക്കപ്പെടുന്നില്ല. കൂട്ടായ ശിക്ഷ കൊണ്ട് അവരെ പീഡിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി പറഞ്ഞ നിര്‍ലജ്ജമായ കള്ളങ്ങളും സാമുദായിക നിന്ദയും പരിഗണിക്കുമ്‌ബോള്‍ ഇതൊട്ടും അത്ഭുതപ്പെടുത്തുന്നതല്ല. തെരഞ്ഞെടുപ്പ് കൈയില്‍ നിന്ന് വഴുതിപ്പോകുമെന്ന് ഭയന്നാണ് അദ്ദേഹം ഈ വാചാടോപം നടത്തിയത്. പ്രധാനമന്ത്രിപദത്തില്‍ ഇരിക്കുന്ന ഒരാളുടെ അന്തസ്സിന് നിരക്കുന്നതായിരുന്നില്ല അതെന്ന് ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ സോണിയ പറയുന്നു.
‘സമവായം പ്രസംഗിക്കുന്നു, ഏറ്റുമുട്ടല്‍ പ്രേരിപ്പിക്കുന്നു’ എന്ന തലക്കെട്ടിലാണ് സോണിയയുടെ ലേഖനം പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. . പ്രചാരണത്തിനിടെ പ്രധാനമന്ത്രി എടുത്തണിഞ്ഞ ദൈവിക പരിവേഷത്തിനെതിരെയുള്ള ജനവിധിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലേത്. വിഭജനത്തിനും വിദ്വേഷത്തിനുമെതിരെയാണ് ജനം വിധിയെഴുതിയത്. ഇങ്ങനെയൊക്കെ ആയിട്ടും ഒന്നും മാറിയിട്ടില്ലെന്ന തരത്തിലാണ് പ്രധാനമന്ത്രി പെരുമാറുന്നത്. അദ്ദേഹം സമവായം പ്രസംഗിക്കുകയും ഏറ്റുമുട്ടല്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തില്‍ മാറ്റം വരുമെന്ന് ആഗ്രഹിച്ചവര്‍ക്ക് നിരാശപ്പെടേണ്ട സാഹചര്യമാണുള്ളത്.
സഭയില്‍ അടിയന്തരാവസ്ഥ പരാമര്‍ശിച്ചതിനെയും സോണിയ വിമര്‍ശിച്ചു. ഭരണഘടനയ്ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നത്. 1977 മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ രാജ്യം വിധിയെഴുതിയിട്ടുണ്ട്. അത് അസന്നിഗ്ധമായി അംഗീകരിക്കപ്പെട്ടതാണ്. സ്പീക്കറുടെ ഭാഗത്തു നിന്നുള്ള നടപടി അനുചിതമായി. കഴിഞ്ഞ സഭയില്‍ 146 അംഗങ്ങളാണ് അന്യായമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ഒരു ചര്‍ച്ചയുമില്ലാതെ ക്രിമിനല്‍ നിയമങ്ങള്‍ പാസാക്കപ്പെട്ടതും ഗൗരവമുള്ളതാണ്. നിയമവിദഗ്ധര്‍ ഈ നിയമങ്ങളെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്ററി സമിതിയുടെ സൂക്ഷ്മപരിശോധന പുതിയ ക്രിമിനല്‍ നിയമത്തില്‍ അത്യാവശ്യമാണെന്ന് സോണിയ പറഞ്ഞു.