ഉത്തര്‍ പ്രദേശിലെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കില്‍ അത് നേരിടാനും യു.പി തയ്യാറാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
“ഗ്രാമീണ മേഖലയില്‍ കോവിഡ് വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാന്‍ സംഘത്തെ അയച്ചിട്ടുണ്ട്. കൂടുതല്‍ ടെസ്റ്റ് കിറ്റുകളും മരുന്ന് കിറ്റുകളും ഗ്രാമങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഞങ്ങള്‍ ഒന്നും മറച്ചുവെയ്ക്കുന്നില്ല. എല്ലാം സുതാര്യമാണ്. പരിശോധനാ വിവരങ്ങളും രോഗമുക്തിയും മരണവും സര്‍ക്കാരിന്‍റെ കോവിഡ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്”- യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ കോവിഡ് സാഹചര്യം കൈവിട്ടുപോകുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ല. ജാപ്പനീസ് എന്‍സഫലൈറ്റിസിനോട് പോരാടിയ യു.പിയിലെ ആരോഗ്യ സംവിധാനം കോവിഡ് മൂന്നാം തരംഗത്തോട് പൊരുതാനും സജ്ജമാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
അതേസമയം ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കുന്നതും തീരത്ത് സംസ്‌കരിക്കുന്നതും ഒരിക്കലും ആഗ്രഹിക്കാത്തതാണെന്നും ജാഗ്രത പുലര്‍ത്തേണ്ടുന്നതുമാണെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഗംഗയിലും പോഷക നദിയിലും ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാനും കേന്ദ്രം നിര്‍ദേശം നൽകി. അവലോകന യോഗത്തിൽ യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു. മൃതദേഹങ്ങള്‍ ഒഴുകിയ പശ്ചാത്തലത്തില്‍ നദികളിലെ വെള്ളം പരിശോധിക്കാന്‍ കേന്ദ്ര-സംസ്ഥാന മലിനീകരണ ബോർഡ് തീരുമാനിച്ചിട്ടുണ്ട്