രണ്ടാം മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പാർലമെന്റിൽ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. രാമക്ഷേത്ര നിർമ്മാണവും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് നിരോധന നിയമവും നരേന്ദ്രമോദി സർക്കാരിന്റെ നേട്ടമായി ചൂണ്ടിക്കാട്ടി രാഷ്‌ട്രപതി പ്രസംഗിച്ചപ്പോൾ ജയ് ശ്രീറാം വിളിച്ചായിരുന്നു ഭരണപക്ഷം പാർലമെന്റിൽ ആഹ്‌ളാദം പങ്കുവച്ചത്.
രാജ്യം വർഷങ്ങളായി കാത്തിരുന്ന പല ലക്ഷ്യങ്ങളും കഴിഞ്ഞ പത്ത് വർഷത്തിനിടെ നേടാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞുവെന്ന പരാമർശത്തോടെയായിരുന്നു അയോധ്യയിലെ രാമക്ഷേത്രം, അനുച്ഛേദം 370 റദ്ദാക്കൽ, വനിത സംവരണ ബിൽ എന്നിവ രാഷ്ട്രപതി പരാമർശിച്ചത്.
രാജ്യം നിരവധി നേട്ടങ്ങൾ കൈവരിച്ച വർഷമാണ് കടന്നുപോയതെന്ന് വ്യക്തമാക്കിയാണ് ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. ഇന്ത്യ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി. ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലൂടെ ചന്ദ്രന്റെ സൗത്ത് പോളിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ജി 20 ഉച്ചകോടി, ഏഷ്യൻ ഗെയിംസിലെ 100 മെഡൽ നേട്ടം എന്നിവയും രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശിച്ചു.
പത്ത് വർഷത്തിനിടയിൽ രാജ്യം വികസന മുന്നേറ്റപാതയിലാണ്. തന്റെ കുട്ടിക്കാലത്ത് കേട്ട ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം യാഥാർഥ്യമായത് ഇക്കാലത്താണ്. രാജ്യത്തെ ദാരിദ്ര്യം വലിയ തോതിൽ കുറഞ്ഞു. രാജ്യത്തെ യുവാക്കളും വനിതകളും കർഷകരുടെയും സാധാണക്കാരുമാണ് രാജ്യത്തിന്റെ ശക്തി. ഇവരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷങ്ങളിൽ ലോകം രണ്ട് വലിയ യുദ്ധങ്ങൾ കണ്ടു. കോവിഡ് മഹാമാരിയെ നേരിട്ടു. ലോകം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ വിലക്കയറ്റം ഉൾപ്പെടെ ഇതിന്റെ ഭാരം സാധാരണ ജനങ്ങളിലേക്ക് എത്താതിരിക്കാൻ സർക്കാർ ഇടപെടലുകൾ സഹായിച്ചെന്നും രാഷ്ട്രപതി അവകാശപ്പെട്ടു.
ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ ഇതെല്ലാം നേട്ടങ്ങളാണ്. സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളിൽ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകൾ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണർവ് നൽകിയെന്നും രാഷ്ട്രപതി അവകാശപ്പെട്ടു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോർഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോർഡ് വേഗത്തിലാണ്. റോഡ് മാർഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുർമു പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകൾ റയിൽവേ വികസനത്തിൻ്റെ പുതിയ ഉദാഹരണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. 39 ഭാരത് ട്രെയിനുകൾ വിവിധ റൂട്ടുകളിൽ ഓടുന്നുണ്ട്. 1300 റയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു. നികുതിഭാരം ഒഴിവാക്കാനും സർക്കാർ മികച്ച ഇടപെടലുകൾ നടത്തി. രണ്ടര ലക്ഷം കോടി ഗ്യാസ് കണക്ഷൻ പാവപ്പെട്ടവർക്ക് നൽകി. സൗജന്യ ഡയാലിസിസ് പദ്ധതി നിരവധി പേർക്ക് ആശ്വാസമായി. പാവപ്പെട്ടവർക്ക് പോലും വിമാന സർവീസുകൾ പ്രാപ്യമാക്കി.
സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിച്ചു. സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. പത്ത് കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടു. പിഎം കിസാർ സമ്മാൻ പദ്ധതിയിലൂടെ രണ്ട് ലക്ഷം കോടിയിലേറെ രൂപ അനുവദിച്ചുവെന്നും ദ്രൗപതി മുർമു പറഞ്ഞു.
സർക്കാരിന്റെ വികസന നേട്ടങ്ങൾ പറയുമ്പോൾ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുൻപ് പുതിയ പാർലമെന്റ് ഉദ്ഘാടനവേളയിൽ ലോക്‌സഭയിൽ സ്ഥാപിച്ച ചെങ്കോലും സംയുക്ത സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തിച്ചിരുന്നു. പുതിയ പാർലമെന്റിൽ രാഷ്ട്രപതിയുടെ ആദ്യ പ്രസംഗമായിരുന്നു ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്നത്.