രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്ന ആദ്യ ആദിവാസി നേതാവുകൂടിയായ അവര്‍ ഇപ്പോഴിതാ തന്റെ പേരിനെ പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ദ്രൗപദി എന്നത് തന്റെ യഥാര്‍ത്ഥ പേരല്ലെന്ന് അവര്‍ വെളിപ്പെടുത്തി.
തന്റെ പേരിന്റെ ആദ്യപകുതിയായ ദ്രൗപതി എന്നത് തന്റെ യഥാര്‍ത്ഥ പേരല്ല. സ്‌കൂളില്‍ പഠിക്കുന്ന കാലം അധ്യാപകരിലൊരാള്‍ നല്‍കിയതാണ്. സാന്താളി വിഭാഗത്തില്‍ പെട്ട മുര്‍മുവിന്റെ യഥാര്‍ത്ഥ പേര് ‘പുട്ടി’ എന്നായിരുന്നു. ‘നല്ലതിന്’ എന്ന് പറഞ്ഞ് അധ്യാപകരിലൊരാളാണ് അത് ദ്രൗപതിയെന്നാക്കിയതെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
സാന്താളി വിഭാഗത്തില്‍ പേരുകള്‍ ഒരിക്കലും മരിക്കുന്നില്ല. പെണ്‍കുട്ടി ജനിക്കുമ്പോള്‍ അവളുടെ മുത്തശ്ശിയുടെയും ആണ്‍കുട്ടി ജനിക്കുമ്പോള്‍ അവന്റെ മുത്തച്ഛന്റെയും പേര് സ്വീകരിക്കും. സ്‌കൂളിലും കോളേജിലും തന്റെ സര്‍ നേയിം ടുഡു എന്നായിരുന്നുവെന്നും ബാങ്ക് ഓഫീസറായ ശ്യാം ചരണ്‍ ടുഡുവിനെ വിവാഹം ചെയ്തതോടെ ഇത് മുര്‍മു എന്ന് മാറ്റിയെന്നും രാഷ്ട്രപതി പറഞ്ഞു.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നത്. അതിനാല്‍ വിപുലമായ പരിപാടികളാണ് ബിജെപി നടത്തുന്നത്. ആദിവാസി മേഖലകളില്‍ രണ്ടു ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.