നാല് പേര്‍ക്ക് കീര്‍ത്തിചക്ര, 18 സൈനികര്‍ക്ക് ശൗര്യചക്ര; ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു

78ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. മൂന്ന് സൈനികര്‍ക്കും ജമ്മുകാഷ്മീരിലെ പൊലീസ് ഉദ്യോഗസ്ഥനുമാണ് കീര്‍ത്തിചക്ര നല്‍കി രാജ്യം ആദരിക്കുന്നത്.

അനന്തനാഗില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിംഗ്, റൈഫിള്‍മാന്‍ രവി കുമാര്‍, ജമ്മുകാഷ്മീര്‍ പൊലീസിലെ എച്ച്.എം.ബട്ട് എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര നല്‍കുന്നത്.

18 സൈനികര്‍ക്കാണ് ശൗര്യചക്ര പ്രഖ്യാപിച്ചത്. ഇതില്‍ നാല് പേര്‍ക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്‍കും. കരസേനയില്‍ നിന്ന് 63 പേര്‍ക്ക് ധീരതയ്ക്കുള്ള സേന മെഡലുകളും നല്‍കി രാജ്യം ആദരിക്കും. പതിനൊന്ന് പേര്‍ക്കാണ് നാവികസേനയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്.

മലയാളിയായ ക്യാപ്റ്റന്‍ ബ്രിജേഷ് നമ്പ്യാര്‍ ധീരതയ്ക്കുള്ള നാവികസേന മെഡലിന് അര്‍ഹനായി. യുദ്ധകപ്പലായ ഐഎന്‍എസ് വിശാഖപട്ടണത്തിന്റെ കമാന്‍ഡിംഗ് ഓഫീസറാണ് ബ്രിജേഷ് നമ്പ്യാര്‍ .

വ്യോമസേന അംഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലുകളും പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്ക് ശൗര്യചക്രയും ആറ് പേര്‍ക്ക് ധീരതയ്ക്കുള്ള വായുസേന മെഡലുകള്‍ നല്‍കി രാജ്യം ആദരിക്കും.