രാജ്യത്ത് അവശ്യമരുന്നുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. സര്‍ക്കാര്‍ ഒരു വര്‍ദ്ധനയും വരുത്തിയിട്ടില്ല. മൊത്തവില സൂചിക (ഡബ്ല്യുപിഐ)യുടെ അടിസ്ഥാനത്തിലാണ് മരുന്ന് വില കൂടുകയും കുറയുകയും ചെയ്യുന്നത്. വില നിയന്ത്രിക്കുന്നത് സര്‍ക്കാരല്ലെന്ന് മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.
ചില അവശ്യ മരുന്നുകള്‍ ഡബ്ല്യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്നതാണ്. വളരെ കുറഞ്ഞ വിലയുള്ളതുമായ ഈ അവശ്യ മരുന്നുകള്‍ മാത്രമാണ് ചില ഓട്ടോമാറ്റിക് വര്‍ദ്ധനയ്ക്ക് കാരണമാകുന്നത്. മൊത്തവില സൂചിക ഉയരുമ്പോള്‍ മരുന്നുകള്‍ക്ക് വില ഉയരും. കുറയുമ്പോള്‍ അതനുസരിച്ച് മരുന്ന് വിലയും കുറയും.
ഈ മരുന്നുകളുടെ വിലയില്‍ സര്‍ക്കാരിന് പങ്കില്ലെന്നും വില വര്‍ധനവ് വരുത്താന്‍ സര്‍ക്കാരിന് യാതൊരു പദ്ധതിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
2021ലെ മൊത്ത വില സൂചിക 10.76 ശതമാനം വര്‍ദ്ധിച്ചതായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യ മരുന്നുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 10.7 ശതമാനം വില കൂട്ടാന്‍ തീരുമാനിച്ചത്. പാരസെറ്റാമോള്‍ ഉള്‍പ്പെടെ 800 ഓളം മരുന്നുകള്‍ക്കാണ് വില ഉയര്‍ന്നത്.
ഭൂരിഭാഗം സാധാരണ രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന അവശ്യ മരുന്നുകള്‍ക്ക് വില കുതിച്ചുയര്‍ന്നു. പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില ഉയര്‍ന്നത് വലിയ തിരിച്ചടിയാണ്.