മംഗഫിലെ കമ്പനി ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 9 മലയാളികള്‍ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകള്‍ പരിശോധിച്ചതില്‍ നിന്ന് 25 പേര്‍ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന.മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
അതേസമയം, ഒന്‍പതു മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്.നായര്‍ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33), കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല ലൂക്കോസ്(48), കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ് (56), കൊല്ലം പുനലൂര്‍ നരിക്കല്‍ സ്വദേശി സാജന്‍ ജോര്‍ജ് (29), കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി പി.കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
കുവൈത്ത് സിറ്റിയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞതില്‍ അതീവ ദുഖമന്നു കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ നിരവധി മലയാളികളുണ്ടെന്നതു നടുക്കം വര്‍ധിപ്പിക്കുന്നെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.