ഊട്ടി കുന്നൂരിനു സമീപം സൈനിക ഹെലികോപ്റ്റർ തകർന്ന് അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് അനുശോചനവുമായി രാജ്യം. തികഞ്ഞ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
പ്രഗത്ഭനായ സൈനികനായിരുന്നു ബിപിൻ റാവത്ത്. യഥാർത്ഥ ദേശസ്‌നേഹി. രാജ്യത്തിന്റെ സേനകളെ ആധുനികവത്കരിക്കുന്നതിൽ വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്. നയതന്ത്രകാര്യങ്ങളിൽ അദ്ദേഹത്തിനുള്ള കാഴ്ചപ്പാടും, ദീർഘവീക്ഷണവും പകരംവയ്‌ക്കാൻ ആകാത്തതാണ്. ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം അതിയായ ദു:ഖമുളവാക്കുന്നെന്നും അദ്ദേഹം കുറിച്ചു.
ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക ജിയുടെയും ആകസ്മിക വിയോഗം ഞെട്ടിച്ചെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തിന് അതിന്റെ ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര- വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നെന്നും അദ്ദേഹം കുറിച്ചു.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 സായുധ സേന ഉദ്യോഗസ്ഥരുടെയും ദുഖകരമായ വിയോഗത്തിൽ അഗാധമായി അനുശോചനം രേഖപ്പെുത്തുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.