'ഒരു സംസ്ഥാനത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി, ജനങ്ങള്‍ കാണുന്നുണ്ട്'; കേരളത്തിലും ബി.ജെ.പി സര്‍ക്കാർ ഉണ്ടാക്കുമെന്ന് മോദി

ബിജെപി കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സംസ്ഥാനത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും മേഘാലയയിലും നാഗാലാന്‍ഡിലും ബിജെപി സര്‍ക്കാരുണ്ടാക്കിയതുപോലെ കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയെ ഭയക്കുന്നില്ല. ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. ഡല്‍ഹിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള അകലം കുറയുന്നു. പുതിയ ചരിത്രം സൃഷ്ടിക്കേണ്ട സമയമാണിത്. ഇനി വടക്കുകിഴക്കന്‍ മേഖലയുടെ സമാധാനം, സമൃദ്ധി, വികസനം എന്നിവയുടെ കാലമാണ്.’

‘ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ഒപ്പം മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം അത്ര എളുപ്പമല്ല, അതിനാല്‍ അവര്‍ക്ക് പ്രത്യേക നന്ദിയും പറയുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

Read more

ഇന്നത്തെ വിജയം ജനാധിപത്യത്തിലുള്ള വിശ്വാസം തെളിയിക്കുന്നതാണ്. മികച്ച ഭരണമാണ് വിജയത്തിന് അടിത്തറ പാകിയതെന്നും മോദി പറഞ്ഞു. വിജയാഘോഷത്തിന്റെ ഭാഗമായി മൊബൈല്‍ ടോര്‍ച്ച് തെളിയിക്കാനും മോദി ആഹ്വാനം ചെയ്തു.