2000 രൂപയുടെ നോട്ട് പിന്‍വലിച്ചേക്കുമെന്ന് അഭ്യൂഹം

2000 രൂപയുടെ നോട്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാന്‍ പോകുന്നതായി അഭ്യൂഹം. രാജ്യത്ത് വിനിമയത്തിലുള്ള ഏറ്റവും വലിയ നോട്ടായ 2000 ഘട്ടംഘട്ടമായി പിന്‍വലിച്ചേക്കുമെന്നാണ് സൂചനകള്‍. ആര്‍ ബി ഐ ഇതുവരെ അച്ചടിച്ച 2000 രൂപ നോട്ടിന്റെ മൂല്യവും വിപണിയിലുള്ള ഇതേ നോട്ടിന്റെ മൂല്യവും തമ്മിലുള്ള വ്യത്യാസമാണ് ഇത്തരം ഒരു പ്രചാരണത്തിന് പിന്നില്‍. എസ് ബി ഐ യിലെ സാമ്പത്തീക ഉപദേഷ്ടാവ് സൗമകാന്തി ഘോഷാണ് അച്ചടിച്ച ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളില്‍ ഒരു ഭാഗം വിപണിയിലെത്താതെ പിടിച്ച് വച്ചിരിക്കുന്നു എന്ന സൂചനയുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഈമാസം എട്ടുവരെ വ്യാപാരത്തിലിരുന്ന ഉയര്‍ന്ന നോട്ടുകളുടെ മൂല്യം 13.3 ലക്ഷം കോടി രൂപയാണ്. ഡിസംബര്‍ എട്ടുവരെ 500 രൂപയുടെ 16957 ദശലക്ഷം നോട്ടുകളും 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകളുമാണ് അച്ചടിച്ചിട്ടുള്ളത്.

ഇവ രണ്ടിന്റെയും ആകെത്തുക 15.7 ലക്ഷം കോടിയാണ്. അന്ന് റിസര്‍വ്വ് ബാങ്ക് അച്ചടിച്ച 2000 ത്തിന്റെ നോട്ടുകളില്‍ 2.4 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിപണിയിലെത്തിയിട്ടില്ലെന്ന് ഘോഷിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രായോഗീക പ്രശ്‌നം മൂലം ഇവയുടെ അച്ചടി നിര്‍ത്തുകയോ എണ്ണം കുറക്കുകയോ ചെയ്തിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.