കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ടമെന്റ് പദ്ധതിയായ അഗ്നിപഥിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ വിവാദപരാമര്‍ശവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റി ജോലിക്കായി അഗ്നിവീറുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം. മികച്ച അച്ചടക്കവും അനുസരണയും ഉള്ളവരായിരിക്കും അഗ്നിവീറുകള്‍. അമേരിക്കയിലും ചൈനയിലും ഫ്രാന്‍സിലുമെല്ലാം കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. നമ്മുടെ സൈന്യത്തില്‍ റിട്ടയര്‍മെന്റ് പ്രായം കൂടുതലാണ്. അത് കുറച്ച് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വകാലാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അഗ്നിവീറുകള്‍ നെഞ്ചില്‍ അഗ്നിവീര്‍ എന്ന ബാഡ്ജോടെയായിരിക്കും വിരമിക്കുക. പിന്നീട് ബി.ജെ.പി ഓഫീസില്‍ സുരക്ഷാജീവനക്കാരുടെ ആവശ്യം വേണ്ടിവന്നാല്‍ ഇവര്‍ക്ക് മാത്രാമായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ബിജെപി നേതാവിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി.
രാജ്യത്തെ യുവാക്കളെ അപമാനിക്കരുതെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഊണും ഉറക്കവുമില്ലാതെ ശാരീരിക്ഷ പരീക്ഷയ്ക്കായി യുവാക്കള്‍ തയ്യാറെടുക്കുന്നത് ബിജെപി ഓഫീസുകള്‍ക്ക് കാവല്‍ നില്‍ക്കാനല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബിജെപിയുടെ മനോനിലയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതിന് എതിരെയാണ് തങ്ങളുടെ സമരമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.