പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി കഴിഞ്ഞ ദിവസം പാർലമെന്റിലെത്തിയ പ്രിയങ്ക ഗാന്ധി ഇന്നെത്തിയത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനവുമായി.ബംഗ്ലാദേശിലെ ‘ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം’ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഇന്ന് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
തിങ്കളാഴ്ച പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി എത്തിയ പ്രിയങ്കയുടെ നടപടി പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനുപിന്നാലെയാണ് ഇന്ന് പുതിയ ബാഗുമായുള്ള പ്രിയങ്കയുടെ ആഗമനം. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക തിങ്കളാഴ്ച സഭയില്‍ ആവശ്യമുന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് മുദ്രാവാക്യമെഴുതിയ ബാഗുമായി പ്രിയങ്ക എത്തിയത്.
ബാഗുമേന്തി പാര്‍ലമെന്റിന് പുറത്ത് പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ പ്രകടനവും നടന്നു. മറ്റ് പ്രതിപക്ഷ എംപിമാരും സമാനമായ ബാഗുകളേന്തിയാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ബംഗ്ലാദേശിലുള്ള ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണമെന്നാണ് പ്രിയങ്കയുടെ ആവശ്യം. 1971ല്‍ ബംഗ്ലാദേശ് നടത്തിയിരുന്ന വിമോചന പോരാട്ടത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ ഇടപെടലിനേയും പ്രിയങ്ക എടുത്തുപറഞ്ഞിരുന്നു.
തണ്ണിമത്തന്‍ ചിത്രവും പലസ്തീന്‍ എന്ന കുറിപ്പും ആലേഖനം ചെയ്ത ബാഗുമായി പ്രിയങ്ക തിങ്കളാഴ്ച എത്തിയതോടെ സഭയില്‍ ബിജെപി അംഗങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആഭ്യന്തരവിഷയങ്ങളെ കുറിച്ച് പരാമര്‍ശിക്കാതെ വിദേശരാജ്യങ്ങളുടെ വിഷയങ്ങള്‍ക്കാണ് പ്രിയങ്ക പ്രാധാന്യം നല്‍കുന്നതെന്ന വിമര്‍ശനമായിരുന്നു ബിജെപിയുടേത്. എന്നാല്‍, താനോ മറ്റു സ്ത്രീകളോ ധരിക്കുന്ന വസ്ത്രങ്ങളേയോ മറ്റു വസ്തുക്കളെയോ കുറിച്ച് ആരും അഭിപ്രായം പ്രകടിപ്പിക്കേണ്ടതില്ല എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
പലസ്തീന്‍ ബാഗുമായെത്തിയ പ്രയിങ്കയ്ക്ക് അഭിനന്ദനം അറിയിച്ച് പാകിസ്താന്റെ മുന്‍മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി എക്‌സിലൂടെ രംഗത്തെത്തി.ജവഹര്‍ ലാല്‍ നെഹ്‌റുവിനെ പോലെ മഹാനായ സ്വാതന്ത്ര്യസമരസേനാനിയുടെ പേരക്കുട്ടിയില്‍ നിന്ന് മറ്റെന്താണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത് എന്ന് ഫവാദ് ഹുസൈന്‍ കുറിച്ചു. ഇടുങ്ങിയ മനസുള്ളവര്‍ക്കിടയില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കൂവെന്നും പാകിസ്താനി പാര്‍ലമെന്റിലെ ഒരംഗം പോലും ഇത്തരമാരു പ്രവൃത്തിയ്ക്ക് ധൈര്യം കാണിച്ചിട്ടില്ലെന്നും ഫവാദ് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.