ഉത്തല്‍ പ്രദേശില്‍ പ്രചാരണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് യുവജന പ്രകടന പത്രിക കൈമാറി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അലിഗഢില്‍ നടന്ന റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വേണ്ടി മുദ്രാവാക്യങ്ങള്‍ വിളിച്ച് വാഹനത്തിന് സമീപം എത്തിയ ബി.ജെ.പിക്കാര്‍ക്കാണ് ‘ഭാരതി വിധാന്‍’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക നല്‍കിയത്.
വാഹനത്തില്‍ നിന്ന് താഴേക്ക് കുനിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പത്രിക നല്‍കി ‘യേ പദ് ലോ, യേ പദ് ലോ’ (ഇത് വായിക്കൂ) എന്ന് പ്രിയങ്ക അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരാള്‍ ഇത് നിഷേധിക്കുകയും മറ്റൊരാള്‍ സ്വീകരിക്കുകയും ചെയ്തു.
ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ യുവാക്കളുടെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും രേഖയാണ് ഭാരതി വിധാന്‍ എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കഴിഞ്ഞ മാസമാണ് യുവജന പ്രകടന പത്രിക പുറത്തിറക്കിയത്. ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്ക് ജോലി വാഗ്ദാനവും, വികസനവും ഉറപ്പ് നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.
ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.