'പ്രിയങ്ക ഗാന്ധിയെ ബലിയാടാക്കുന്നു'; രാഹുലിന്റെ തീരുമാനത്തിൽ ആരോപണവുമായി ബിജെപി

വയനാട് മണ്ഡലം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത്. പ്രിയങ്ക ഗാന്ധിയെ രാഹുൽ ബലിയാടാക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. രാഹുല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി. ആദ്യം അമേഠി ഉപേക്ഷിച്ചു. ഇപ്പോള്‍ രണ്ടുതവണ ജയിപ്പിച്ച വയനാടിനെയും കൈവിട്ടുവെന്നും അമിത് മാളവ്യ പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്സാദ് പൂനവാലയുടെ പ്രതികരണം. റായ്ബറേലിയില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടേക്കുമെന്ന് രാഹുല്‍ ഭയക്കുന്നുണ്ടെന്നും പൂനവാല പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ മത്സരിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി വദ്ര പറഞ്ഞു. വയനാടിന് ഒരിക്കലും രാഹുല്‍ ഗാന്ധിയുടെ അഭാവം അറിയിക്കില്ലെന്നും അവര്‍ പറഞ്ഞു. റായ്ബറേലിയിലും വയനാട്ടിലും ഞാന്‍ സഹോദരനെ സഹായിക്കും. രാഹുല്‍ ഗാന്ധിയുടെ അഭാവം നികത്താന്‍ ഞാന്‍ പരമാവധി കഠിനാധ്വാനം ചെയ്യും. എല്ലാവരെയും സന്തോഷിപ്പിച്ച് മികച്ച നിലയിലെത്തിക്കാന്‍ പരമാവധി ശ്രമിക്കും.

റായ്ബറേലിയുമായും അമേഠിയുമായും കഴിഞ്ഞ 20 വര്‍ഷത്തോളമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഈ രണ്ടു സ്ഥലങ്ങളുമായുള്ള ബന്ധം ഞാന്‍ പഴയ പോലെ തന്നെ തുടരും. ആ ബന്ധം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, തലമുറകളായി ഗാന്ധി കുടുംബം മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിറുത്തുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് തീരുമാനമെന്ന് ഖാര്‍ഗെ പറഞ്ഞു.