'ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടത്തുന്നു, സത്യം പറയുന്നവരെ ജയിലിലടയ്ക്കുന്നു'; ലോക്സഭയിലെ കന്നി പ്രസംഗത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ലോക്സഭയിലെ കന്നി പ്രസംഗത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ബിജെപി സർക്കാർ ഭരണഘടനയെ തുരങ്കം വയ്ക്കുന്നുവെന്നും രാജ്യത്തെ 142 കോടി പൗരന്മാരേക്കാൾ അവർ പ്രാധാന്യം നൽകുന്നത് ചില വ്യക്തികൾക്കാണെന്ന് പ്രിയങ്ക ആരോപിച്ചു. ഗൗതം അദാനിയുടെ പേര് പരാമർശിക്കാതെ, സർക്കാരും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞു.

‘ശതകോടീശ്വരൻ്റെ ലാഭത്തിനു വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. ഒരു വ്യക്തിയെ സംരക്ഷിക്കാൻ 142 കോടി ഇന്ത്യക്കാരെ അവഗണിക്കുന്നത് രാജ്യം കാണുന്നുണ്ട്. രാജ്യത്തെ എല്ലാ ബിസിനസുകളും സമ്പത്തും വിഭവങ്ങളും ഒരു വ്യക്തിക്ക് കൈമാറുന്നു. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, ഖനികൾ വരെ പൊതുമേഖലാ കമ്പനികൾ ഒരാൾക്ക് മാത്രം നൽകുന്നു’ -പ്രിയങ്ക ആഞ്ഞടിച്ചു.

ഭാരതത്തിന്റേത് പുരാതന സംസ്കാരമാണ്. വേദങ്ങളിലും, പുരാണങ്ങളിലും, സൂഫി ഗ്രന്ഥങ്ങളിലുമെല്ലാം നമ്മുടെ പാരമ്പര്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. നമ്മുടെ ജനതക്ക് തുല്യതയും, ശബ്ദം ഉയർത്താനുള്ള അവകാശവും ഭരണഘടന നൽകുന്നു. എന്നാൽ പലയിടങ്ങളിലും ദുർബല ശബ്ദങ്ങളെ അടിച്ചമർത്തുന്നു.

“നീതിയുടെ, ഐക്യത്തിൻ്റെ, പ്രകടിപ്പിക്കാനുള്ള അവകാശത്തിൻ്റെ സുരക്ഷാ കവചം” എന്നാണ് വയനാട് എംപി ഭരണഘടനയെ വിശേഷിപ്പിച്ചത്. നിലവിലെ സർക്കാരിന് കീഴിൽ ഈ തത്വങ്ങളുടെ ശോഷണമാണ് നടക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. ‘നമ്മുടെ ഭരണഘടന ഒരു ‘സുരക്ഷാ കവച’മാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ബിജെപി സർക്കാർ ഈ ‘കവചം’ തകർക്കാൻ എല്ലാ ശ്രമങ്ങളും നടത്തി, അവർ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

ഭരണഘടന സംരക്ഷണം നല്കുമെന്നണ് ഇതുവരെ ജനങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ വിശ്വാസം രാജ്യത്തെ ജനങ്ങൾക്കില്ല. സത്യത്തിലും അഹിംസയിലും അധിഷ്‌ഠിതമായതിനാൽ നമ്മുടെ സ്വാതന്ത്ര്യസമരം ലോകത്തിലെ അതുല്യമായ ഒന്നായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ലോക്‌സഭാ പ്രചാരണം അനുസ്മരിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി, ജാതി സെൻസസ് ആവശ്യം ഉന്നയിക്കുമ്പോൾ ബിജെപി മൗനം പാലിച്ചുവെന്ന് പറഞ്ഞു.

ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ? എന്ന് പ്രിയങ്ക ഭരണപക്ഷത്തോട് ചോദിച്ചു. സത്യം പറയുന്നവരെ ജയിലിലിടുന്നു. പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എല്ലാവരെയും ജയിലിലിടുന്നു. രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ഉപയോഗിക്കുന്നു. ഭയത്തിൻ്റെ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അദാനി വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിന് ഭയമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. എല്ലാത്തിനും നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നു. എന്നാൽ എന്തുകൊണ്ടാണ് നിങ്ങൾ വർത്തമാനകാലത്തെക്കുറിച്ച് സംസാരിക്കാത്തതെന്ന് പ്രിയങ്ക ചോദിച്ചു.