പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താലിമാല പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചിട്ട് ആര്‍ക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ബെംഗളൂരുവില്‍ ചോദിച്ചു.
എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ മുത്തശ്ശി അവരുടെ സ്വര്‍ണാഭരണങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് നല്‍കിയതെന്നും പ്രിയങ്ക പറഞ്ഞു. ബിജെപിക്ക് സ്ത്രീകളുടെ പോരാട്ടം മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് സത്യമെന്നും അവർ കൂട്ടിച്ചേർത്തു.
#WATCH | Bengaluru: Congress leader Priyanka Gandhi Vadra says, “From last 2 days it is being said that Congress Party wants to snatch your ‘Mangalsutra’ and your gold from you. The country has been independent for 70 years and there has been a Congress government for 55 years.… pic.twitter.com/CDHp0ZISQG
— ANI (@ANI) April 23, 2024
കഴഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ മോദിയില്‍ നിന്ന് കേട്ടത് വികസനത്തെ കുറിച്ചോ, ജനങ്ങളുടെ പുരോഗതിയെ കുറിച്ചോ ആയിരുന്നില്ല. പകരം വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു. ഇത്തവണ 400 സീറ്റ് തികയ്ക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ മോദി നടത്തിയ വിഭാഗീയ പരാമർശത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി. ‘കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വർണ്ണം അവരെടുത്ത് കൂടുതൽ കുട്ടികൾ ഉള്ളവർക്കും നുഴഞ്ഞു കയറിയവർക്കുമായിരിക്കും വിതരണം ചെയ്യുക.
മൻമോഹൻ സിംഗ് സർക്കാരാണ് രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ ഏറ്റവും കൂടുതൽ അവകാശമുള്ളത് മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞത്. ഈ അർബൻ നക്സൽ ചിന്താഗതികൾ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകൾ പോലും ബാക്കിവയ്ക്കില്ല’- എന്നും മോദി പറഞ്ഞിരുന്നു. മോദിയുടെ വിദ്വേഷ പ്രസംഗത്തെ പിന്തുണച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.