ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്തുണയുമായി സമരപ്പന്തലിൽ പ്രിയങ്ക ഗാന്ധിയെത്തി. ഇന്ന് രാവിലെ ജന്തർമന്തറിലെ സമരപ്പന്തലിൽ എത്തിയാണ് പ്രിയങ്ക ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരത്തിനു നേതൃത്വം നല്‍കുന്ന വനിതാ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുമായി പ്രിയങ്ക ഗാന്ധി സംസാരിച്ചു.
ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചാണ് താരങ്ങൾ സമരം ചെയ്യുന്നത്. ബ്രിജ്ഭൂഷനെ സർക്കാർ സംരക്ഷിക്കേണ്ട ആവശ്യം എന്താണെന്ന് പ്രിയങ്ക ചോദിച്ചു. പൊലീസ് എഫ് ഐആറിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് താരങ്ങളുമായി സംസാരിക്കാത്തതെന്ന് ചോദിച്ച പ്രിയങ്ക.അനീതിക്കെതിരെ പോരാടുന്ന താരങ്ങളെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നതായും പറഞ്ഞു.
ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ വെള്ളിയാഴ്ച ഡല്‍ഹി പൊലീസ് രണ്ട് കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ ആരോപണങ്ങളില്‍ പോക്‌സോ പ്രകാരവും മറ്റു പരാതികളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനുമാണു കേസ്. എന്നാല്‍ കേസെടുത്താലും സമരത്തില്‍നിന്നു പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരങ്ങൾ.ബ്രിജ്ഭൂഷനെ ജയിലിലിടക്കണമെന്നാണ് ആവശ്യം.