2,500 കോടി രൂപ നല്‍കിയാല്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് ചിലര്‍ വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തലുമായി കര്‍ണാടക വിജയപുരയില്‍ നിന്നുള്ള ബിജെപി എംഎല്‍എയും മുന്‍ കേന്ദ്രമന്ത്രിയുമായ ബസന്‍ഗൗഡ പാട്ടീല്‍ യത്നാല്‍. ന്യൂഡല്‍ഹിയില്‍ നിന്നുള്ള ചില നേതാക്കള്‍ തന്നെ കണ്ട് വാഗ്ദാനം നല്‍കിയതായി അദ്ദേഹം പറഞ്ഞു.ബെലഗാവിയിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് പ്രതികരണം.
മുഖ്യമന്ത്രിയാകാന്‍ 2500 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താന്‍ സ്തംഭിച്ചുപോയെന്ന് യത്നാല്‍ പറഞ്ഞു.
”അടല്‍ ബിഹാരി വാജ്പേയിയെപ്പോലെയുള്ള ഉന്നത നേതാവിന്റെ കീഴില്‍ കേന്ദ്രമന്ത്രിയായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, എല്‍ കെ അദ്വാനി, രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്റെ പ്രൊഫൈല്‍ അറിഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് 2,500 കോടി രൂപ നല്‍കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ നിരവധി തട്ടിപ്പുകാരുണ്ട്. അവര്‍ നിങ്ങളെ തിരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തി തരാമെന്നും, ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നും സോണിയാ ഗാന്ധി, ജെപി നദ്ദ തുടങ്ങിയ മുന്‍നിര നേതാക്കളെ പരിചയപ്പെടുത്തുമെന്നും ഉറപ്പുനല്‍കും. ചെയ്യരുത്. അവരുടെ കെണിയില്‍ വീഴരുതെന്ന് യത്നാല്‍ പറഞ്ഞു.
50 മുതല്‍ 100 കോടി വരെ നല്‍കാന്‍ തയ്യാറുള്ളവരെ മന്ത്രിമാരാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെ സമീപിക്കുന്നവര്‍ക്കെതിരേ ജാഗ്രതപാലിക്കണമെന്നും പല രാഷ്ട്രീയനേതാക്കളും ഇങ്ങനെ വഞ്ചിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യത്നാലിന്റെ ആരോപണത്തെ ഗൗരവമായി കാണണമെന്ന് കെപിസിസി. അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. ആരോപണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.