പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നു. അസമിൽ വിവിധയിടങ്ങളിലുണ്ടായ വെടിവെയ്‌പിൽ മൂന്നുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. നിരോധനാജ്ഞ മറികടന്ന് ആയിരക്കണക്കിന് പേര്‍ നിരത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് പൊലീസ് വെടിവെച്ചത്. മന്ത്രിമാരുടെ വീടുകൾ ജനക്കൂട്ടം ആക്രമിച്ചു. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിൽ സ്ഥിതി അതിരൂക്ഷമായിരിക്കയാണ്. സൈന്യം രംഗത്തിറങ്ങിയിട്ടും അക്രമം വ്യാപിക്കുകയാണ്. പ്രക്ഷോഭകര്‍ കൂട്ടമായി തെരുവിലിറങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. ഗുവാഹത്തി–- ഷില്ലോംഗ് ദേശീയപാത പ്രതിഷേധക്കാർ അടിച്ചിട്ടിരിക്കയാണ്.
അസമിനും ത്രിപുരയ്‌ക്കും പുറമെ മേഘാലയയിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. ട്രെയിനുകളും വിമാനങ്ങളും കൂട്ടത്തോടെ റദ്ദാക്കി. പലയിടത്തും അപ്രഖ്യാപിത ബന്ദ് തുടരുകയാണ്. അസം ബിജെപി എംഎല്‍എ ബിനോദ് ഹസാരികയുടെ വീടിന് പ്രക്ഷോഭകര്‍ തീവെച്ചു. ഗുവാഹത്തിയില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. അസം ഗണപരിഷത്ത് ആസ്ഥാനം ആക്രമിച്ചു. പൊലീസ് സർക്കിൾ ഓഫീസിനും തീവെച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അസമില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 22 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ദീബ്രുഘട്ടിലേക്കും ഗുവഹാത്തിയിലേയക്കുമുള്ള മിക്ക സര്‍വീസുകളും സ്വകാര്യ വിമാനക്കമ്പനികള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും നിലച്ചിരിക്കുകയാണ്. അതിനിടെ ഗുവാഹത്തിയിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ സ്ഥലംമാറ്റി. ജനങ്ങളോട് ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കത്തുന്ന നിരവധിയിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. അസം മുഖ്യമന്ത്രി സോനോവാള്‍, കേന്ദ്രമന്ത്രി രാമേശ്വര്‍ ടെലി ഉള്‍പ്പെടയുള്ള നിരവധി നേതാക്കളുടെ വസതികള്‍ക്കുനേരെ അക്രമം ഉണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
പ്രധാനമന്ത്രി മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും 15-നും 16-നും ഗുവാഹത്തിയിൽ നടത്താനിരുന്ന ഉച്ചകോടിയുടെ വേദി മാറ്റും. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഗുവാഹത്തിയിലും അഗർത്തലയിലും നടക്കേണ്ടിയിരുന്ന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ മാറ്റി. ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ഐഎസ്‌എൽ ഫുട്‌ബോൾ മത്സരങ്ങളും മാറ്റി.