മധ്യപ്രദേശിൽ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി സ്ത്രീകളോട് കൊടും ക്രൂരത. റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച രണ്ട് സ്ത്രീകളെയാണ് ട്രക്കിൽ മണ്ണ് തട്ടി മൂടിയത്. മധ്യപ്രദേശിലെ റേവ ജില്ലയിലെ ഹിനോത ജോറോത് ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മമത പാണ്ഡേ, ആഷ പാണ്ഡേ എന്നീ സ്ത്രീകളാണ് അധിക്രമത്തിന് ഇരയായത്. റോഡുപണിക്കായി മണ്ണും ചരലുമായെത്തിയ ട്രക്കിനു സമീപം ഇരുവരും ഇരിക്കുകയായിരുന്നു. പ്രതിഷേധം തുടർന്നതോടെണ് ട്രക്കിലെ മണ്ണ് ഇവരുടെ ദേഹത്തേക്ക് ഇട്ടത്. രണ്ടു സ്ത്രീകളെയും നാട്ടുകാർ രക്ഷിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് അക്രമത്തിന് ഇരയായവർ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് പ്രതികൾ ഒളിവിലെന്നും റേവ പൊലീസ് അറിയിച്ചു. 2 കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് വിശദീകരണം.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സംഭവത്തിൽ ശക്തമായി അപലപിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെടുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടി അത്തരം സംഭവങ്ങൾ തടയുന്നതിൽ ഭരണകൂടത്തിൻ്റെ പരാജയത്തെ വിമർശിച്ചും ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് കീഴിലുള്ള സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി ആശങ്ക പ്രകടിപ്പിച്ചു.