തമിഴ്‌നാട് മധുരയില്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം ആത്മഹത്യഭീഷണിയായി ഉയര്‍ന്നു. മധുര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടാണ് ഭൂമി ഏറ്റെടുക്കല്‍. 126 കുടുംബങ്ങള്‍ക്കാണ് വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നത്.
ഇന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങാനിരിക്കെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയും ശരീരത്ത് പെട്രോള്‍ ഒഴിച്ചും ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ വികസനത്തിന്റെ ഭാഗമായി 633 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
മധുരൈ സൗത്ത് തഹസില്‍ദാര്‍ സമരക്കാരുടെ ആവശ്യം പരിഗണിക്കുമെന്ന ഉറപ്പിനെതുടര്‍ന്ന് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. ആദ്യം സമരക്കാര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പത്തിലേറെ പ്രതിഷേധക്കാര്‍ സമീപത്തെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ശരീരത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി.
അഗ്നിശമന സേനയും പൊലീസും മധുര സൗത്ത് തഹസില്‍ദാറും സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് പകരം മധുര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മൂന്ന് സെന്റ് ഭൂമി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. ആറ് ദിവസത്തിനുള്ളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന തഹസീല്‍ദാരുടെ ഉറപ്പിന്‍മേല്‍ പ്രതിഷേധം താത്കാലികമായി അവസാനിച്ചു.