കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി വെടിയേറ്റ് മരിച്ച യുവ കർഷകന് ആദരാഞ്ജലികൾ അർപ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ചു മാർച്ച് നടത്തും. ഇന്ന് മുതല്‍ സമര പരമ്പരകളുമായി മുന്നോട്ടുപോകാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം 29 വരെ അതിർത്തികളിൽ സമാധാന പ്രതിഷേധം തുടരാൻ ഇന്നലെ ചേർന്ന കർഷക നേതാക്കളുടെ യോഗം തീരുമാനിച്ചു. നാളെ ലോക വ്യാപാര സംഘടനയിൽ നിന്നും പുറത്തു വരേണ്ടതിനെ പറ്റി പഞ്ചാബ് അതിർത്തിയിൽ നിര്‍ണായക സമ്മേളനം ചേരും. തുടര്‍ന്ന് പ്രതിഷേധ പരിപാടികളും നടത്തും. തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും.
ചൊവ്വാഴ്ച മുതൽ തുടർ ദേശീയ തലത്തിൽ നേതാക്കളെ പങ്കെടുപ്പിച്ച് അതിർത്തികളിൽ യോഗം ചേരും. വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ സംഘും ആണ് പരിപാടികൾക്ക് നേതൃത്വം നൽകുക. ഇതിനിടെ, കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചാൽ പോകും എന്നു കർഷക നേതാക്കൾ വ്യക്തമാക്കി.