കാർഷിക നിയമങ്ങൾ പാർലമെന്റിൽ റദ്ദാക്കിയാൽ മാത്രമേ പ്രതിഷേധം അവസാനിക്കൂ: കർഷക സംഘടനകൾ

വിവാദമായ കാർഷിക നിയമങ്ങൾ പാർലമെന്റിൽ അസാധുവാക്കിയതിന് ശേഷം മാത്രമേ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഉള്ള സമരം പിൻവലിക്കൂവെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികൈത് വെള്ളിയാഴ്ച പറഞ്ഞു.

വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) വിഷയത്തിലും മറ്റ് കാര്യങ്ങളിലും സർക്കാർ കർഷകരുമായി സംസാരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ 26 മുതൽ കർഷകരുടെ പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബികെയു ദേശീയ വക്താവ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

“പ്രതിഷേധം ഉടനടി പിൻവലിക്കില്ല, പാർലമെന്റിൽ കാർഷിക നിയമങ്ങൾ അസാധുവാകുന്ന ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കും. എം‌എസ്‌പിയ്‌ക്കൊപ്പം മറ്റ് വിഷയങ്ങളിലും സർക്കാർ കർഷകരുമായി സംസാരിക്കണം,” ടികൈത് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

Read more

മൂന്ന് കാർഷിക നിയമങ്ങൾ കർഷകർക്ക് വേണ്ടിയുള്ളതായിരുന്നു എന്നാൽ എത്ര ശ്രമിച്ചിട്ടും സർക്കാരിന് ഒരു വിഭാഗം കർഷകരെ അത് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എന്ന് ഗുരുനാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കർഷകരെ, പ്രത്യേകിച്ച് ചെറുകിട കർഷകരെ ശാക്തീകരിക്കുകയായിരുന്നു മൂന്ന് കാർഷിക നിയമങ്ങളുടെയും ലക്ഷ്യമെന്നും എന്നാൽ കർഷകരുടെ പ്രതിഷേധം മാനിച്ച് നിയമങ്ങൾ പിൻവലിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.