വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി

രാഹുല്‍ ഗാന്ധിയുടെ വിഡി സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ മെയ് 9ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് പൂനെ കോടതിയുടെ നോട്ടീസ്. കഴിഞ്ഞ ദിവസം ഇതേ കേസില്‍ സുപ്രീം കോടതി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ലക്‌നൗ കോടതി പുറപ്പെടുവിച്ച വാറണ്ട് സ്റ്റേ ചെയ്തിരുന്നു. രാഹുല്‍ ഹാജരാകണം എന്ന് നിര്‍ദ്ദേശിച്ച് കഴിഞ്ഞ നവംബറില്‍ ലക്‌നൗ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരുടെ ബഞ്ച് രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിച്ചാല്‍ സ്വമേധയാ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇന്ദിരാ ഗാന്ധി സവര്‍ക്കറെ പുകഴ്ത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പൂനെ കോടതി രാഹുലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സവര്‍ക്കറുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി.

Read more

പരാമര്‍ശത്തെ ആധാരമാക്കിയുള്ള കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. ലണ്ടനില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ചരിത്രമറിയാതെ രാഹുല്‍ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.