ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് സംഘം ഡൽഹി സർവകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ ഡോ. ഹാനി ബാബു എം.ടിയുടെ നോയിഡയിലെ വസതിയിൽ ചൊവ്വാഴ്ച തെരച്ചിൽ നടത്തി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (സ്വാർഗേറ്റ് ഡിവിഷൻ) ശിവാജി പവാർ, , ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ക്രൈം) ബച്ചൻ സിംഗ് എന്നിവരടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തിയത്.
റെയ്ഡ് സ്ഥിരീകരിച്ച പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വീട്ടിൽ നിന്ന് ചില ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പറഞ്ഞു.
ഡോ. ബാബുവിന്റെ ഭാര്യ ജെന്നി റൊവേന തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ, വാറണ്ടില്ലാതെ ആറ് മണിക്കൂറോളം പൊലീസ് അവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയെന്നും ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, പെൻ ഡ്രൈവുകൾ മൂന്ന് പുസ്തകങ്ങൾ എന്നിവ എടുത്തിട്ടുണ്ടെന്നും ആരോപിച്ചു.
https://www.facebook.com/jenny.rowena.5/posts/216213139347964
സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തങ്ങൾക്ക് അധികാരമില്ലെന്ന് നോയിഡ പൊലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞു.
ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഡോ. ബാബു, പ്രശസ്ത സാമൂഹിക പ്രവർത്തകനും, ‘അലയൻസ് ഓഫ് സോഷ്യൽ ജസ്റ്റിസ്’ കോർഡിനേറ്ററും ‘ജോയിന്റ് ആക്ഷൻ ഫ്രണ്ട് ഫോർ ഡെമോക്രാറ്റിക് എഡ്യൂക്കേഷൻ’ അംഗവുമാണ്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് ഡൽഹി സർവകലാശാല അധ്യാപകനും ഭിന്നശേഷിക്കാരനുമായ ഡോ. ജി.എൻ സായിബാബയെ അറസ്റ്റ് ചെയ്തതിലും ജാമ്യം അനുവദിക്കാത്തതിലും പ്രതിഷേധിച്ചിട്ടുള്ള ഹാനി ബാബു സായിബാബയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച സമിതിയിൽ അംഗവുമായിരുന്നു.
പ്രൊഫസർ സായിബാബയുടെ അഭിഭാഷകനായിരുന്ന സുരേന്ദ്ര ഗാഡ്‌ലിംഗിനെ ദളിത് പ്രസാധകൻ സുധീർ ധവാലെ, നാഗ്പൂർ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഷോമ സെൻ, സാമൂഹിക പ്രവർത്തകരായ മഹേഷ് റൗത്ത്, റോണ വിൽസൺ എന്നിവരോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ബന്ധമുണ്ടെന്നും ‘എൽഗാർ പരിഷത്ത്’, കഴിഞ്ഞ വർഷം ജൂൺ ആറിന് നടന്ന ഭീമ-കൊറെഗാവ് ഏറ്റുമുട്ടൽ എന്നിവയിൽ പങ്കുണ്ടെന്നും ആരോപിച്ച് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.