പഞ്ചാബില്‍ കോണ്‍ഗ്രസ് ഒരു സര്‍ക്കസാണ് എന്ന ആം ആദ്മി (എ.എ.പി) പാര്‍ട്ടി നേതാവ് ഭഗവന്ത് മന്നിന്റെ പരാമര്ശത്തിനെടിരെ ആഞ്ഞടിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. കോണ്‍ഗ്രസ് സര്‍ക്കസില്‍ കുരങ്ങന്റെ വേഷം ഒഴിഞ്ഞുകിടക്കുന്നുണ്ട് എന്ന് ചന്നി പരിഹസിച്ചു.
‘ഞങ്ങളുടെ സര്‍ക്കസില്‍ ഒരു കുരങ്ങിന്റെ റോള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. അതിലേക്ക് ചേരാന്‍ അവരെ സ്വാഗതം ചെയ്യുന്നു. ഡല്‍ഹി, ഹരിയാന, യു.പി എന്നിങ്ങനെ എവിടെ നിന്നും ചേരാം.’ ചന്നി പറഞ്ഞു.
പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം അമൃത്സറില് വാര്‍ത്താസമ്മേളനം നടത്തിയ സമയത്തായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള പരാമര്‍ശം. പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കസായി മാറിയെന്നും, രണ്ട് നിയമസഭ മണ്ഡലങ്ങളിലും ചന്നി തോല്ക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എ.എ.പി അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ പോകുന്നു. എം.എല്‍.എ ആവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹം ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്ന് മന് പറഞ്ഞു.
Read more
എന്നാല്‍ പഞ്ചാബ് ഒരിക്കലും എ.എ.പിയ്ക്ക് ഒപ്പം നില്‍ക്കില്ലെന്ന് ചന്നി പറഞ്ഞു. എ.എ.പിയെ ബ്രിട്ടീഷുകാരുമായി താരതമ്യം ചെയ്ത അദ്ദേഹം അവര്‍ പഞ്ചാബ് കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു. പഞ്ചാബിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ എ.എ.പി നേതാവിന് കഴിയില്ലെന്ന് ചന്നി വിമര്‍ശിച്ചു.