കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും പ്രശ്‌നപരിഹാരത്തിന് സമിതി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്‌തെങ്കിലും പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലിയിലേയ്ക്ക് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് കര്‍ഷക സംഘടനകള്‍.
റിപ്പബ്ലിക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിന് പഞ്ചാബിലെ അമൃതസറില്‍ നിന്ന് നിരവധി ട്രാക്ടറുകള്‍ പുറപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃതസറില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. റാലിയില്‍ പങ്കെടുക്കുന്നതിന് പഞ്ചാബിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകരെ ജനുവരി 20ന് മുമ്പു തന്നെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് കര്‍ഷക സംഘടനകള്‍ തയ്യാറെടുക്കുകയാണ്.
അറുപതിലധികം കർഷകർ മരിച്ചിട്ടും നാണക്കേട് തോന്നാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, കർഷകർ ട്രാക്ടർ റാലി നടത്തുന്നതിലാണ് നാണക്കേട് തോന്നുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ ഗുരുദ്വാരകളില്‍ നിന്ന് ആഹ്വാനങ്ങൾ ഉയരുന്നുണ്ട്. “ഇപ്പോള്‍ നമ്മള്‍ പോകാന്‍ തയ്യാറായില്ലെങ്കില്‍ നമുക്ക് പിന്നൊരിക്കലും അതിനുള്ള അവസരം ലഭിക്കില്ല. ഇത് നമ്മുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ്”, ഉച്ചഭാഷിണികളിലൂടെ ഇത്തരം സന്ദേശങ്ങളാണ് പല ഗുരുദ്വാരകളില്‍ നിന്നും ഉയരുന്നത്.
ഡല്‍ഹിയിലേയ്ക്ക് ട്രാക്ടറുകള്‍ അയയ്ക്കാത്തവര്‍ 2,100 രൂപ പിഴയൊടുക്കണമെന്ന് ചിലയിടങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് സമരത്തിനുള്ള ഫണ്ടിലേക്ക് നല്‍കും. ഇതിനു തയ്യാറാകാത്തവര്‍ക്കെതിരെ മറ്റു നടപടിയുണ്ടാകും. വിദേശങ്ങളിലുള്ള തങ്ങളുടെ സഹോദരങ്ങള്‍ വലിയ തോതില്‍ സഹായം നല്‍കുന്നുണ്ടെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ചിലര്‍ പറഞ്ഞു. കൂടാതെ ഗ്രാമങ്ങളില്‍ നിന്ന് ഭൂവുടമകളും പണം തന്ന് സഹായിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.
സുപ്രീംകോടതി നിശ്ചയിച്ച സമിതിയിലെ അംഗങ്ങളെല്ലാം കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരായതിനാല്‍ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 26ന് തീരുമാനിച്ച ട്രാക്ടര്‍ റാലിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.