'ഒരു ദിവസമെങ്കിലും ഏപ്രണ്‍ ധരിക്കൂ'; മോഡിയോട് എയിംസ് ഡോക്ടര്‍മാര്‍

വേതനവര്‍ധനയും ജോലിയിലെ സ്ഥാനക്കയറ്റവും ആവശ്യപ്പെട്ട് രാജസ്ഥാനിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എയിംസിലെ ഡോക്ടര്‍മാര്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന ജോലിഭാരം മനസിലാക്കണമെങ്കില്‍ ഒരു ദിവസമെങ്കിലും ഞങ്ങള്‍ ധരിക്കുന്ന വെളുത്ത ഏപ്രണ്‍ ധരിച്ചു നോക്കൂവെന്നാണ് മോഡിയോട് എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്.

“നിങ്ങളെപ്പോലൊരു പ്രധാനമന്ത്രിയെ ലഭിച്ച ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സഹിക്കുന്ന സമ്മര്‍ദ്ദം അറിയണമെങ്കില്‍ ഒരു വിസമെങ്കിലും ഞങ്ങള്‍ ധരിക്കുന്ന വെളുത്ത ഏപ്രണ്‍ ധരിച്ചുനോക്കൂ. ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് കഷ്ടപ്പാട് അനുഭവിക്കുന്ന രോഗികളുടെ മുഖം കാണുമ്പോള്‍ ഡോക്ടര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം അറിയണമെങ്കില്‍ ഒരു ദിവസമെങ്കിലും ഡോക്ടറിന്റെ ഏപ്രണ്‍ അണിയണം”. സമരത്തെ പിന്തുണച്ച് കൊണ്ട് എയിംസിലെ ഡോക്ടര്‍മാരുടെ സംഘടനയായ ആര്‍ഡിഎ പറഞ്ഞു.

മന്ത്രിമാര്‍ ഡോക്ടര്‍മാരെ തെറ്റായി ചിത്രീകരിക്കുന്നത് പൊതുജന ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരോപണമുയര്‍ന്നു. ഈ മാസം 16നാണ് രാജസ്ഥാനിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് 86 ഡോക്ടര്‍മാരെ അറസ്റ്റു ചെയ്തിരുന്നു. ആദ്യം ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുവെങ്കിലും നടപ്പിലാക്കിയില്ല. പൊതുജന ശ്രദ്ധ ആകര്‍ഷിക്കാനാണ് മന്ത്രിമാര്‍ ഡോക്ടര്‍മാരെ തെറ്റായി ചിത്രീകരിക്കുന്നതെന്നും സമരക്കാര്‍ ആരോപിച്ചു.