ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ല, പുനഃപരീക്ഷ ആവശ്യമില്ല; നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീംകോടതി

നീറ്റ് യുജിയില്‍ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി. വ്യാപകമായി ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടതായി തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി പുനഃപരീക്ഷ വേണ്ടെന്ന ഇടക്കാല ഉത്തരവിട്ടത്. പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് 131 പേര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അതേസമയം 254 പേരാണ് പരീക്ഷ വീണ്ടും നടത്തരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ചോദ്യ പേപ്പര്‍ ചോര്‍ന്നതുകൊണ്ട് 155 കുട്ടികള്‍ക്ക് മാത്രമാണ് പ്രയോജനം ലഭിച്ചതെന്നും ഇത് പരീക്ഷയുടെ പവിത്രത നഷ്ടപ്പെടുത്തിയതായി കണക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്.

Read more

പരീക്ഷയെഴുതിയത് 24 ലക്ഷം പേരായിരുന്നു. ഇതില്‍ 20 ലക്ഷം പേര്‍ യോഗ്യത നേടി. വീണ്ടും പരീക്ഷ നടത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വിദ്യാര്‍ത്ഥികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പരീക്ഷ കേന്ദ്രങ്ങളിലെത്തിയത്. വീണ്ടും പരീക്ഷ നടത്തുന്നത് അവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.