സവർക്കറിനെക്കുറിച്ചുള്ള കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായം ശിവസേനയുടെ അഭിപ്രായത്തിന് വിരുദ്ധമാണെന്നും എന്നാൽ ഇപ്പോഴും കോൺഗ്രസ് മഹാരാഷ്ട്രയിലെ ശിവസേനയെ പിന്തുണയ്ക്കുകയാണെന്നും ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) നേതാവ് മായാവതി ഞായറാഴ്ച പറഞ്ഞു. “ഇത് ഇരട്ടത്താപ്പല്ലെങ്കിൽ പിന്നെ എന്താണ്?” അവർ ചോദിച്ചു.
പൗരത്വ ഭേദഗതി ബില്ലിൽ ശിവസേന കേന്ദ്രസർക്കാരിനെ പിന്തുണച്ചിരുന്നുവെന്നും ഇപ്പോൾ സവർക്കറിനെക്കുറിച്ചുള്ള കോൺഗ്രസിന്റെ അഭിപ്രായത്തോട് അസഹിഷ്ണുത പുലർത്തുന്നുണ്ടെന്നും ഞായറാഴ്ച രാവിലെ തുടർച്ചയായ ട്വീറ്റുകളിൽ മായാവതി പറഞ്ഞു. “ഇതൊക്കെയാണെങ്കിലും, മഹാരാഷ്ട്ര സർക്കാരിൽ കോൺഗ്രസ് ഇപ്പോഴും ശിവസേനയെ പിന്തുണയ്ക്കുന്നു. ഇരട്ടത്താപ്പല്ലെങ്കിൽ പിന്നെ ഇത് എന്താണ്?” അവർ പറഞ്ഞു.
മഹാരാഷ്ട്രയിലെ ശിവസേനയെ കോൺഗ്രസ് പാർട്ടി ഒരേ സമയം പിന്തുണയ്ക്കുകയും എന്നാൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ പുലർത്തുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ മായാവതി കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ഝാർഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ ‘റേപ്പ് ഇൻ ഇന്ത്യ’ (ഇന്ത്യയിൽ ബലാത്സംഗം) പ്രസ്താവനയിൽ ക്ഷമ ചോദിക്കില്ലെന്ന് ആവർത്തിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, “എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, ഞാൻ രാഹുൽ ഗാന്ധി എന്നാണ്, ഞാൻ ഒരിക്കലും ക്ഷമ ചോദിക്കുകയുമില്ല … സത്യം സംസാരിച്ചതിന് ഒരു കോൺഗ്രസ് പ്രവർത്തകനും ക്ഷമ ചോദിക്കുകയുമില്ല,” എന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന പാർട്ടി മെഗാ റാലിയിൽ പറഞ്ഞു.
“മേക്ക് ഇൻ ഇന്ത്യ” എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ നിങ്ങൾ എവിടെ നോക്കിയാലും “റേപ്പ് ഇൻ ഇന്ത്യ” യാണ് എന്നാണ് രാഹുൽ ഗാന്ധി ഝാർഖണ്ഡിൽ പറഞ്ഞത്. തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ അഭിപ്രായ പ്രകടനത്തിന് മാപ്പ് പറയില്ലെന്ന് കോൺഗ്രസ് നേതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും ഞങ്ങളുടെ പാർട്ടി ബഹുമാനിക്കുന്നതിനാൽ കോൺഗ്രസ് സവർക്കറിനെ അപമാനിക്കരുതെന്ന് ശിവസേന പറഞ്ഞു. പണ്ഡിറ്റ് നെഹറുവിനെയും മഹാത്മാഗാന്ധിയെയും ഞങ്ങൾ അംഗീകരിക്കുന്നുവെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റൗത്ത് മറാത്തിയിൽ എഴുതിയ ട്വീറ്റിൽ പറഞ്ഞു. “നിങ്ങൾ വീർ സവർക്കറിനെ അപമാനിക്കരുത്. വിവേകമുള്ള ആർക്കും കൂടുതൽ വിശദീകരണം ആവശ്യമില്ല,” അദ്ദേഹം പറഞ്ഞു.