ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്. യുദ്ധം നിര്‍ത്തണമെന്ന് തനിക്ക് റഷ്യന്‍ പ്രസിഡന്റിനോട് പറയാനാകുമോ എന്ന് ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. ഉക്രൈനില്‍ കുടുങ്ങിയവരെ ഓര്‍ത്ത് കോടതിക്ക് ആശങ്കയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. രക്ഷാദൗത്യം പുരോഗമിക്കുകയാണെന്നും, വിഷയത്തില്‍ കേന്ദ്രത്തോട് കൂടുതല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കാമെന്നും കോടതി വ്യക്തമാക്കി.
ഉക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ എന്ത് ചീഫ് ജസ്റ്റിസ് എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വന്ന വീഡിയോകള്‍ ശ്രദ്ധയിപ്പെട്ടതായി രമണ പറഞ്ഞു. ഹര്‍ജി പിന്നീട് പരിശോധിക്കാമെന്നും, അറ്റോര്‍ണി ജനറലിനോട് ഉപദേശം തേടാമെന്നും കോടതി വ്യക്തമാക്കി. ഉക്രൈന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ 200 ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
അതേസമയം ഓപറേഷന്‍ ഗംഗ വഴി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. റൊമേനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളില്‍ നിന്നായി ഇന്ന് 6 വിമാനങ്ങ എത്തും.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് റഷ്യ സന്നദ്ധത അറിയിച്ചത്. റഷ്യന്‍ അതിര്‍ത്തി വഴി കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് ഒഴിപ്പിക്കുക. കാര്‍ക്കീവില്‍ സാഹചര്യം രൂക്ഷമായിരിക്കെ ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി റഷ്യയിലെത്തിക്കും. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.