'ക്രൈസ്തവര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷമുണ്ടായത് 597 അക്രമസംഭവങ്ങള്‍ '; സഭകളുടെ പ്രതിഷേധയോഗം ഇന്ന് ഡല്‍ഹിയില്‍

രാജ്യവ്യാപകമായി ക്രൈസ്തവ സമൂഹത്തിനെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ 79 വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രതിഷേധം.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷവും ആക്രമണങ്ങളും വര്‍ധിച്ചു വരികയാണെന്ന് കാട്ടിയാണ് പ്രതിഷേധം. യുണൈറ്റഡ് ക്രിസ്റ്റിയന്‍ ഫോറത്തിന്റെ കണക്കുകള്‍ അനുസരിച്ച് 2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 21 സംസ്ഥാനങ്ങളിലായി 597 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടന്നത് 1198 അക്രമങ്ങളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സര്‍ക്കാരിന്റെയും സുപ്രീം കോടതിയുടെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയില്‍ പെടുത്താനാണ് തലസ്ഥാനത്ത് വലിയ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം ദേശീയ പ്രസിഡന്റ് ഡോ മൈക്കിള്‍ വില്യംസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ, മലങ്കര സഭ ഗുരുഗ്രാം രൂപത അധ്യക്ഷന്‍ തോമസ് മാര്‍ അന്തോണിയോസ്, ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ദിമെത്രയോസ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.