ഇന്ധനവില റെക്കോര്‍ഡ് കടന്ന് കുതിക്കുന്നതിനിടെ 50 രൂപയ്ക്ക് താഴെ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്നറിയിച്ച് മഹാരാഷ്ട്ര നാഗ്പൂരിലെ ഒരു പെട്രോള്‍ പമ്പുടമ. 50 രൂപയില്‍ താഴെ പെട്രോള്‍ നല്‍കേണ്ടെന്നാണ് തീരുമാനം. ഇത് അറിയിച്ച് പമ്പില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. പമ്പില്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് പോലും ലഭിക്കില്ലെന്നാണ് ഉടമയുടെ വിശദീകരണം.
”ഉയര്‍ന്ന വൈദ്യുതി ഉപയോഗിക്കുന്നതിനാല്‍ ഇത്രയും കുറഞ്ഞ അളവില്‍ പെട്രോള്‍ നല്‍കുന്നതിന് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പ്രായോഗികമല്ല,” പെട്രോള്‍ പമ്പിന്റെ ഉടമ രവിശങ്കര്‍ പര്‍ധി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
”ഞങ്ങളുടെ യന്ത്രങ്ങള്‍ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍, ഡ്രൈവര്‍മാര്‍ 20-30 രൂപ വിലയ്ക്ക് പെട്രോള്‍ ആവശ്യപ്പെടുമ്പോള്‍, ജീവനക്കാര്‍ നോസല്‍ എടുത്ത് നിമിഷങ്ങള്‍ക്കകം മെഷീന്‍ തുക അടിക്കുന്നു. ഇത് വഴക്കുകള്‍ക്ക് കാരണമാകുന്നു. അതിനാല്‍ ആളുകളുമായുള്ള വഴക്ക് ഒഴിവാക്കാനാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തുടര്‍ച്ചയായ വില വര്‍ദ്ധനവിന് ശേഷം ഇന്ന് ഇന്ധന വില കൂട്ടിയിട്ടില്ല. ഇന്നലെ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് ഉണ്ടായിട്ടും രാജ്യത്ത് ഇന്ധനവില കുറയാതെ തുടരുകയാണ്.