പഞ്ചാബില്‍ ഫിറോസ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിന്റെ പേരില്‍ കര്‍ഷകരെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതിനെതിരെ പ്രതിഷേധവുമായി പഞ്ചാബിലെ കര്‍ഷകര്‍. മോദിയുടെ സ്വന്തം പാര്‍ട്ടിയുടെ അനുയായികളാണ് പതാകയും ഉയര്‍ത്തി വാഹനവ്യൂഹത്തിന് അടുത്ത് ചെന്നതെന്നും, അവരെ പോലും പ്രധാനമന്ത്രിക്ക് വിശ്വാസമില്ലാതായോ എന്നും സംഘടനകള്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ നില്‍ക്കുന്ന വീഡിയോകളും കര്‍ഷകര്‍ പങ്ക് വച്ചു.
സ്വന്തം പാര്‍ട്ടിയുടെ അണികളാണ് അവിടെ എത്തിയത്. എന്നിട്ടും ഒരു കിലോമീറ്റര്‍ അകലെ സമരം ചെയ്യുന്ന കര്‍ഷകരെ ചോദ്യം ചെയ്തു വരികയാണെന്നും അവര്‍ കുറ്റപ്പെടുത്തി. തന്റെ റാലിയുടെ പരാജയം മറച്ച് വയ്ക്കാന്‍ പ്രധാനമന്ത്രി പഞ്ചാബ് സംസ്ഥാനത്തേയും അവിടുത്തെ കര്‍ഷകരേയും അപകീര്‍ത്തിപ്പെടുത്തുകയാണ്.
A clear glimpse of BJP supporters near PM Modi’s car
How can PM Modi question farmers??#StopDefamingPunjab pic.twitter.com/Qilux0tSE0— Kisan Ekta Morcha (@Kisanektamorcha) January 7, 2022
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ പോകാന്‍ പോലും ശ്രമിച്ചില്ലെന്നത് വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ബിജെപി പതാകയുമായി നരേന്ദ്ര മോദി സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഒരു സംഘം മാത്രമാണ് വാഹന വ്യൂഹത്തിന് സമീപം എത്തിയിരുന്നത്. അതിനാല്‍, പ്രധാനമന്ത്രിയുടെ ജീവന് നേരെയുള്ള ഭീഷണിയുണ്ട് എന്നുള്ള വാദങ്ങള്‍ പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്ന് കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ കിസാന്‍ മോര്‍ച്ച ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
‘ഒരു കല്ലു പോലും എറിഞ്ഞില്ല. ഒരു വെടിയുണ്ടയും പൊട്ടിയില്ല. ആരും ഭീഷണിപ്പെടുത്തിയില്ല. പിന്നെ എവിടുന്നാണ് മോദി തന്റെ ജീവിതം രക്ഷിച്ചെടുത്തത്. അത്ഭുതമെന്നു പറയട്ടെ, സ്വന്തം പതാകയേന്തി ബിജെപി പ്രവര്‍ത്തകരാണ് അവിടെയുണ്ടായിരുന്നത്. പാര്‍ട്ടി പതാകയെ മോദി ഭയക്കുന്നു എന്നാണോ?’ കിസാന്‍ ഏക്താ മോര്‍ച്ച ചോദിച്ചു.
ജീവന് ഭീഷണിയുണ്ടെങ്കില്‍ അത് കര്‍ഷകര്‍ക്കാണ് എന്നത് രാജ്യത്തിന് മുഴുവന്‍ അറിയാം. അജയ് മിശ്രയെപ്പോലുള്ള കുറ്റവാളികള്‍ മന്ത്രിമാരാകുകയും സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ മാന്യത കണക്കിലെടുത്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് നിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.
Read more
കിസാന്‍ മോര്‍ച്ചയാണ് രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പ്രസ്ഥാനം പ്രതിഷേധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആഹ്വാനം ചെയ്തത്.