'ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്', വിധി അംഗീകരിക്കുന്നുവെന്ന് നവജ്യോത് സിംഗ് സിദ്ദു

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി(എ.എ.പി) വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. ജനവിധി അംഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു. ജയിച്ചു വന്ന ആം ആദ്മി പാര്‍ട്ടിക്ക് സിദ്ദു എല്ലാ ആശംസകളും അറിയിച്ചു.

‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. പഞ്ചാബിലെ ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു. എഎപിക്ക് അഭിനന്ദനങ്ങള്‍!’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പഞ്ചാബിലെ ചരിത്ര വിജയത്തിന് പിന്നാലെ ജനങ്ങള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിനന്ദനം അറിയിച്ചു. ഈ വിപ്ലവത്തിന് പഞ്ചാബിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പഞ്ചാബിലെ എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മന്നിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന പഞ്ചാബില്‍ 90 സീറ്റുകളില്‍ എ.എ.പി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. 117 അംഗ നിയമസഭയാണ് പഞ്ചാബിലേത്.

Read more

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ഇക്കുറി 18 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു.