വംശീയ അധിക്ഷേപ പ്രസ്താവനയില്‍ ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ത്‌ലാജെയ്‌ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി ജയചന്ദ്രന്‍ കേസ് റെക്കോര്‍ഡ് കോടതിയില്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് അന്വേഷണം അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു.
ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു ബിജെപി നേതാവിന്റെ വംശീയ അധിക്ഷേപം. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് കഫേയില്‍ സ്‌ഫോടനം നടത്തിയതെന്നായിരുന്നു ശോഭ കരന്ത്‌ലാജെയുടെ പ്രസ്താവന. കേരളത്തിനെതിരെയും ശോഭ കരന്ത്‌ലാജെ അധിക്ഷേപം ഉന്നയിച്ചിരുന്നു.
കേരളത്തില്‍ നിന്നെത്തിയവര്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. ശോഭയുടെ പ്രസ്താവനയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ശോഭ കരന്ത്‌ലാജെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മധുര സ്വദേശിയായ ത്യാഗരാജന്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ശോഭ കരന്ത്‌ലാജെയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിദ്വേഷ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.