രാജിക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ അടവ് മാറ്റി കോണ്‍ഗ്രസ് നേതാക്കള്‍. പുതിയ അദ്ധ്യക്ഷനെ കണ്ടെത്താന്‍ ആറ് മാസത്തെ സമയം ആവശ്യപ്പെട്ട നേതാക്കളോട് പരമാവധി ഒരു മാസത്തെ സമയം അനുവദിക്കാമെന്നും അതുവരെ ആ പദവിയില്‍ ഇരിക്കാമെന്നും രാഹുല്‍ നിലപാട് വ്യക്തമാക്കിയതായിട്ടാണ് സൂചനകള്‍. പുതിയ അദ്ധ്യക്ഷനെ ഒരു മാസത്തിനുള്ളില്‍ കണ്ടെത്താനുള്ള നിര്‍ദേശം രാഹുല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കി.
ഇന്നലെ വസതിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. പകരം നേതാക്കളെ കാണാന്‍ രാഹുല്‍ പ്രിയങ്കയെ ചുമതലപ്പെടുത്തുകയായിരുന്നു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരേയും പരിഗണിക്കരുതെന്ന തീരുമാനത്തില്‍ ശക്തമായി തുടരുകയാണ് രാഹല്‍. രാഹുലിനെ കൂടുതല്‍ സമമര്‍ദ്ദത്തിലാക്കണ്ടെന്ന നിലപാടിലാണ് സോണിയ ഗാന്ധി.
പുതിയ നേതാവ് ആരെന്ന ചോദ്യമാണ് കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നത്. നേതൃത്വം നല്‍കാന്‍ മികച്ച നേതാക്കന്മാരില്ലെന്ന ആരോപണം ഉന്നയിച്ച് പ്രമുഖ നേതാക്കളില്‍ പലരും ബിജെപിയിലേക്ക് ചേക്കേറുന്നതും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്.
മുതിര്‍ന്ന നേതാക്കളുടെ പിടിവാശിയും നിലപാടുകളുമാണ് തോല്‍വിക്ക് കാരണമെന്ന് പരസ്യമായി രാഹുല്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ പലരും നേരിട്ട് സംസാരിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും രാഹുലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.