കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുളള ആദ്യ സന്ദര്‍ശനമാണിത്. രാഹുല്‍ ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും.
കല്‍പ്പറ്റയില്‍ ആരംഭിക്കുന്ന ‘സത്യമേവ ജയതേ’ എന്ന റോഡ് ഷോയില്‍ ഇരുനേതാക്കളും പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂളില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. റോഡ് ഷോയില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് പകരം ദേശീയ പതാക ഉയര്‍ത്തും.
പൊതുസമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക, ജനാധിപത്യ പ്രതിരോധം എന്ന പേരിലുള്ള പരിപാടിയും നടക്കും. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവും. വൈകിട്ട് കല്‍പ്പറ്റ കൈനാട്ടിയില്‍ നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം എന്നിവര്‍ പങ്കെടുക്കും. പൊതു സമ്മേളനശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം രാഹുല്‍ഗാന്ധി കണ്ണൂരിലേക്കും തുടര്‍ന്ന് വിമാനത്തില്‍ ഡല്‍ഹിയിലേക്കും മടങ്ങും.