രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടഞ്ഞു; യുപി അതിർത്തിയിൽ സംഘർഷാവസ്ഥ, സംഭൽ യാത്രയിൽ നിന്ന് പിന്മാറാതെ നേതാക്കൾ കാറിൽ തുടരുന്നു

യുപിയിലെ സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. യാത്രയിൽ നിന്ന് പിൻമാറാതെ യുപി-ഡൽഹി അതിർത്തിയിൽ കാറിൽ തുടരുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സ്ഥലത്ത് നിരവധി കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടിയതോടെ സംഘർഷ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ഡൽഹിയിലേക്ക് തിരികെ മടങ്ങണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

കോൺഗ്രസ് നേതാക്കളെ ഡൽഹി-യുപി അതിർത്തിയിൽ വെച്ചുതന്നെ തടയാനായി വൻ സന്നാഹങ്ങളാണ് പൊലീസ് ക്രമീകരിച്ചത്. അതിർത്തികളിൽ കൂറ്റൻ ബാരിക്കേഡുകൾ വെച്ചും പൊലീസ് സന്നാഹത്തെ വിന്യസിച്ചുമാണ് ഇരുവരെയും ഉത്തർപ്രദേശിൽ കടക്കുന്നതിൽ നിന്നും യുപി പൊലീസ് തടഞ്ഞത്. നേരത്തെ സംഭൽ സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് അനുവാദം ലഭിച്ചിരുന്നു. സംഭലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബർ 19ന് സംഭലിലെ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. പൊലീസിൻറെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നേരത്തെ സംഭലിലേക്ക് പുറപ്പെട്ട മുസ്ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ വെച്ച് പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു.

Read more