നരേന്ദ്ര മോദിയുമായി പൊതുസംവാദത്തിന് തയാര്‍; തീയതിയും വേദിയും തീരുമാനിക്കാമെന്ന് രാഹുല്‍ ഗാന്ധി; പ്രതികരിക്കാതെ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പൊതുസംവാദത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാണെങ്കില്‍ സംവാദത്തിന്റെ തീയതിയും വേദിയും തീരുമാനിക്കാമെന്നും അദേഹം വ്യക്തമാക്കി. സുപ്രീംകോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കുര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം എന്നിവരാണ് ഇരുവരെയും പൊതുസംവാദത്തിന് ക്ഷണിച്ച് കത്തയച്ചത്.

Read more

പൊതുസംവാദം വോട്ടര്‍മാര്‍ക്ക് ആശയവ്യക്തത ഉണ്ടാകാന്‍ സഹായകമാകുമെന്ന് രാഹുല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാനപ്പെട്ട പാര്‍ടികളുടെ നേതാക്കളില്‍നിന്ന് വോട്ടര്‍മാര്‍ക്ക് നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് ക്ഷണം സ്വീകരിക്കുന്നത്. താനോ കോണ്‍ഗ്രസ് അധ്യക്ഷനോ സംവാദത്തില്‍ പങ്കെടുത്ത് പാര്‍ടിയുടെ നിലപാട് വ്യക്തമാക്കുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍, കത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറായിട്ടില്ല.